ശൈഖ് മുഹമ്മദ്‌ ഇബ്നു അബ്ദുൽ വഹാബ് മഹാനായ പരിഷ്ക്കർത്താവ്: അബ്ദുറഹ്മാൻ സലഫി

ജിദ്ദ: സമൂഹത്തിൽ നടമാടിയിരുന്ന അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ബഹുദൈവാരാധനക്കും മതനിഷേധത്തിനുമെതിരെ പട പൊരുതിയ മഹാനായ പരിഷ്ക്കർത്താവായിരുന്നു ശൈഖ്  മുഹമ്മദ് ഇബ്‌നു അബ്ദുൽ വഹാബ് എന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ മുൻ സെക്രട്ടറി പ്രൊഫ. എം. അബ്‌ദുറഹ്‌മാൻ പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ വാരാന്ത്യ ക്ലാസിൽ ‘മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് വിമർശകരോട്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ഹിജ്‌റ 115-ൽ റിയാദിലെ നജ്‌ദിൽ പ്രവാചക പരമ്പരയിൽപ്പെട്ട ഇല്യാസ് ബിനു തമീം ഗോത്രത്തിലെ ആലിമുഹൈബ്‌ കുടുംബത്തിലെ ആലു മുഷരിഫിൽപ്പെട്ട മാതാപിതാക്കളുടെ മകനായിട്ടാണ് ശൈഖ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ഖുർആനും സിയാഹുസ്സിത്തയിലെ അധിക ഭാഗങ്ങളും മനഃപാഠമാക്കിയിരുന്ന അദ്ദേഹം ഇരുപത് വയസിന് മുമ്പ് തന്നെ തികഞ്ഞ ഒരു പണ്ഡിതനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 പ്രവാചകന്റെയും പൂർവ്വ സൂരികളുടെയും കാല ശേഷം നജ്‌ദിലെ മുസ്‌ലിംകൾക്കിടയിൽ വിശ്വാസത്തിലും ആചാരങ്ങളിലും കടന്നു കൂടിയ ബഹുദൈവാരാധനക്ക് എതിരായാണ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പ്രധാനമായും പ്രബോധനം ആരംഭിച്ചത്. തന്റെ പ്രബോധന പ്രവർത്തനനത്തിന്റെ ഭാഗമായി സഊദി അറേബ്യയിലെ ഭരണകൂടവുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞ അദ്ദേഹം മദീയനയിലെ മുഫ്തിയായിരുന്ന ശൈഖ് മുഹമ്മദ് ഹയാത്തു സിന്ധിയടക്കമുള്ള പണ്ഡിതന്മാരെ സമീപിച്ചു ഹദീസിലും വിവിധ വിജ്ഞാന ശാഖകളിലും അഗാധ പാണ്ഡിത്യം നേടുകയും ചെയ്‌തതായി അദ്ദേഹം വിശദീകരിച്ചു. 

 പ്രബോധന രംഗത്ത് സജീവമായ ശൈഖ് മുഹമ്മദ് നിരവധി ഗ്രന്ഥങ്ങൾ രചിക്കുകയും നിരവധി പ്രബോധകരെ വാർത്തെടുക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.  

കർമ്മ ശാസ്ത്ര രംഗത്ത് മദ്ഹബുകളുടെ ഇമാമുകൾക്ക് എതിരാണ് അദ്ദേഹം എന്നും മദ്ഹബ് സ്വീകരിക്കുന്നവർ മുസ്‌ലിംകളല്ല എന്ന ആക്ഷേപവും അദ്ദേഹത്തിന്റെ പേരിലുള്ള കള്ള ആരോപണങ്ങൾ മാത്രമാണെന്ന് അബ്ദുറഹ്മാൻ സലഫി പറഞ്ഞു. തന്റെ  പിതാവിനേയും  പിതാമഹനെയും പോലെ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബും ഹമ്പലി മദ്ഹബ് അംഗീകരിച്ചവനും  പിന്തുണച്ചവനും ആയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. 

ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടന്ന പരിപാടിയിൽ അബ്ബാസ് ചെമ്പൻ സ്വാഗതവും ശിഹാബ് സലഫി നന്ദിയും പറഞ്ഞു.