ഫെബ്രുവരി 22 സഊദി സ്ഥാപക ദിനം; രാജ്യവ്യാപകമായി വിവിധ ആഘോഷങ്ങൾ

0
2324

റിയാദ്: മൂന്ന് നൂറ്റാണ്ടിലേറെയായി നീണ്ടു കിടക്കുന്ന ഈ അനുഗ്രഹീത രാജ്യത്തിന്റെ സ്ഥാപക ദിനം ആഘോഷിക്കുന്ന ഫെബ്രുവരി 22-ന് രാജവ്യാപകമായി നിരവധി പരിപാടികൾ. ഹിജ്റ 1139-ന്റെ മധ്യത്തിൽ, അഥവാ 1727-ന് സമാനമായി ആരംഭിച്ച സഊദി യുഗത്തിന്റെ സ്മരണ നില നിർത്താനാണ് അടുത്തിടെ ഫെബ്രുവരി 22 സ്ഥാപക ദിനാഘോഷ ദിനമായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന നിരവധി ആഘോഷ പരിപാടികളുടെ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടു. പ്രസ്തുത ദിവസം സഊദിയിൽ പൊതു അവധി ദിനം ആയിരിക്കും.

3,500 കലാകാരന്മാർ പങ്കെടുക്കുന്ന മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കഥ 10 രംഗങ്ങളിലൂടെ വിവരിക്കുന്ന വാദി നമറിലെ “ദി ബിഗിനിംഗ് മാർച്ച്” ഉൾപ്പെടെ നിരവധി പരിപാടികൾക്കാണ് തലസ്ഥാനമായ റിയാദ് സാക്ഷിയാകുക. “ഓപ്പറേറ്റ ഫൗണ്ടേഷൻ” ഫെബ്രുവരി 23 ന് റിയാദ് ബൊളിവാർഡിലെ മുഹമ്മദ് അബ്‌ദു തിയേറ്ററിൽ പ്രദർശിപ്പിക്കും. നാടകത്തിന്റെ രൂപത്തിൽ സ്ഥാപകനിൽ നിന്ന് ആരംഭിച്ച് മൂന്ന് നൂറ്റാണ്ടുകളായി കടന്നുപോകുന്ന ചരിത്ര മായിരിക്കും ഇവിടെ നടക്കുക.

ഫെബ്രുവരി 24 ന് വൈകുന്നേരം, റിയാദ് ആകാശം “ലൈറ്റ് ഷോ” കൊണ്ട് അലങ്കരിക്കും. കരിമരുന്ന് പ്രയോഗങ്ങളും ഡ്രോൺ ഷോകളും ശബ്ദ ഇഫക്റ്റുകളും ഇടകലർന്ന തരത്തിലുള്ള വർണ്ണാഭമായ പരിപാടി ആയിരിക്കുമിത്. പെയിന്റിംഗുകൾക്കായി സൽമാൻ ബിൻ അബ്ദുൽ അസീസ് കിംഗ് റോഡും തുർക്കി ബിൻ അബ്ദുൽ അസീസ് ഐ റോഡും കൂടിച്ചേരുന്നയിടവും ഒരുക്കും.

ഫെബ്രുവരി 22 മുതൽ 24 വരെയുള്ള കാലയളവിൽ, റിയാദിലെ നാഷണൽ മ്യൂസിയം സാംസ്കാരിക അർത്ഥങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ “മജ്ലിസ്” പരിപാടിക്ക് ആതിഥേയത്വം വഹിക്കും. സംവേദനാത്മക വർക്ക്ഷോപ്പുകളും ഫലവത്തായ സംഭാഷണങ്ങളും ചർച്ചകളും ഉൾപ്പെടുന്നതായിരിക്കും പരിപാടി.

ഈസ്റ്റേൺ റിംഗ് റോഡിലെ എക്സിബിഷൻ സ്ക്വയറിൽ “നജ്നാജ്” പരിപാടി നടക്കും. ഫെബ്രുവരി 22 മുതൽ 24 വരെ ജിദ്ദ, ദമാം, മദീന, ത്വായിഫ്, ഹായിൽ, അറാർ, സകാക്ക, അബഹ, അൽ ബഹ, നജ്‌റാൻ, ജസാൻ തുടങ്ങിയ നഗരങ്ങളിൽ നടക്കുന്ന “നജ്‌നാജ്” പരിപാടി ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾക്ക് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ സാക്ഷ്യം വഹിക്കും. സഊദി ഭരണകൂടത്തിന്റെ ചരിത്രപരവും സാംസ്കാരികവും സാമൂഹികവുമായ പൈതൃകം ഉയർത്തിക്കാട്ടുന്ന തബൂക്ക്, ബുറൈദ തുടങ്ങിയ സ്ഥലങ്ങളിലും വിവിധ പരിപാടികൾ അരങ്ങേറും.

സഊദി സ്ഥാപകദിനം; ഫെബ്രുവരി 22 ന് ഇനി പൊതു അവധി

എന്തുകൊണ്ടാണ് സഊദി സ്ഥാപക ദിനം തീരുമാനിച്ചത്?, ഫെബ്രുവരി 22 എന്ന തീയതി തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ്?