എന്തുകൊണ്ടാണ് സഊദി സ്ഥാപക ദിനം തീരുമാനിച്ചത്?, ഫെബ്രുവരി 22 എന്ന തീയതി തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ്?

0
3577

റിയാദ്: എല്ലാ വർഷവും ഫെബ്രുവരി 22 സ്ഥാപക ദിനമായി ആചാരിക്കാനും ഔദ്യോഗിക അവധി ദിനമാക്കിയും ഇന്നാണ് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സഊദ് ഉത്തരവിറക്കിയത്. ഇതോടെ, രാജ്യത്ത് ഇനി മുതൽ സഊദി സ്ഥാപക ദിനവും ദേശീയ ദിനവും ഉണ്ടാകും. ഫെബ്രുവരി 22 നായിരിക്കും സ്ഥാപക ദിനമെങ്കിൽ സെപ്റ്റംബർ 23 നാണ് ദേശീയ ദിനം.


ഇമാം മുഹമ്മദ് ബിൻ സഊദിന്റെ കാലഘട്ടത്തിൽ, ആദ്യത്തെ സഊദി രാഷ്ട്രം ഹിജ്‌റ 1139 (എ ഡി 1727) ൽ അതിന്റെ തലസ്ഥാനം ദിരിയയിൽ സ്ഥാപിക്കുകയും ഹിജ്റ 1233 വരെ നിലനിൽക്കുകയും ചെയ്തു. അതിന്റെ പൂർത്തീകരണത്തിനുശേഷം, രണ്ടാം സഊദി രാഷ്ട്രം ഇമാം തുർക്കി ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സഊദ് സ്ഥാപിച്ചു. ഹിജ്റ 1240 – 1309 വരെ ആയിരുന്നിത്. രണ്ടാം സഊദി രാഷ്ട്രത്തിന്റെ അവസാനത്തിനുശേഷം, 1319 ഹിജ്റയിൽ അബ്ദുൽ അസീസ് അൽ സഊദ് രാജാവ് സഊദി അറേബ്യ രാജ്യം സ്ഥാപിച്ചു.

ഇമാം മുഹമ്മദ് ബിൻ സഊദ് ദിരിയയിൽ അധികാരമേറ്റതിന്റെ തുടക്കമാണ് ഫെബ്രുവരി 22-ന് തിരഞ്ഞെടുത്തത്. 1727 ഫെബ്രുവരി 22 നാണ് സഊദി രാഷ്ട്രം സ്ഥാപിക്കുന്നതിന്റെ ആരംഭ തീയതിയായി നിശ്ചയിച്ചത്. ഇമാം മുഹമ്മദ് ബിൻ സഊദിന്റെ ഭരണത്തിന്റെ തുടക്കത്തിലേക്കും ഹിജ്റ 1139 വർഷത്തിന്റെ രണ്ടാം പകുതിയിൽ ദിരിയയിൽ അധികാരം ഏറ്റെടുത്തതിലേക്കും ചൂണ്ടിയാണ് ഫെബ്രുവരി 22 എന്ന തീയതി തിരഞ്ഞെടുക്കുന്നത്. ഇത് 1727 ഫെബ്രുവരി 22 നായിരുന്നു നടന്നത്. അഥവാ ഹിജ്‌റ 1139 ജമാദുൽ ആഖർ 30 ന്.