എയർ ഇന്ത്യയുടെ ജിദ്ദ- കോഴിക്കോട് സർവ്വീസ് വീണ്ടും; 21 മുതൽ പറക്കും

0
3004

ജിദ്ദ: എയർ ഇന്ത്യയുടെ ജിദ്ദ- കോഴിക്കോട് സർവീസ് പുനഃരാരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് ആയിരിക്കും സർവീസ് നടത്തുക. 165 യാത്രക്കാരെ വഹിക്കുന്ന വിമാനങ്ങളുമായി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഈ മാസം 21 ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് സർവീസ് നടത്തും. ഇതിന്റെ ബുക്കിംഗ് നടപടികൾ പുരോഗമിക്കുകയാണ്.

മൂന്നു കാറ്റഗറികളായുള്ള എക്കണോമി ക്ലാസുകളിലെ യാത്രക്കാർക്ക് യഥാക്രമം 40, 30, 20 കിലോഗ്രാം ബാഗേജുകൾ കൊണ്ടുപോകാം. മുഴുവൻ സീറ്റുകളും ഇക്കണോമി ക്ലാസുകളായിരിക്കും. നിലവിൽ ജിദ്ദയിൽ നിന്ന് എക്സ്പ്രസ്സ് എല്ലാ ആഴ്ചയും സർവീസ് നടത്തുന്നുണ്ട്.

ഇതിന് പുറമെ മാർച്ച് മാസത്തോടെ പുതുക്കിയ ഷെഡ്യൂൾ വരുന്നതോടെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സപ്രസ് വിമാനങ്ങൾക്ക് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും സർവീസ് നടത്താനാകുമെന്നാണ് പ്രതീക്ഷ. ജിദ്ദ – കോഴിക്കോട് നോൺ സ്‌റ്റോപ് വിമാനങ്ങളാണ്. ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി കിട്ടുന്നതോടെ കൂടുതൽ യാത്രക്കാരെ കൊണ്ടുപോകാനും സഊദി സെക്ടറിൽ കൂടുതൽ വിമാനങ്ങൾ പറത്താനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും എയർ ഇന്ത്യയുടെ വെസ്‌റ്റേൺ പ്രൊവിൻസ് കൺട്രി മാനേജർ മുഹമ്മദ് ഫയാസ് പറഞ്ഞു.