ദമാം: ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർക്ക് പി സി ആർ ആവശ്യമില്ലെന്ന് വ്യക്തമാക്കി എയർ ഇന്ത്യ എക്സ്പ്രസ്സ്. ഇന്നലെ മുതലാണ് ഇന്ത്യയിലേക്ക് പോകുന്നവർക്ക് പി സി ആർ ആവശ്യമില്ലെന്നും വാക്സിൻ കുത്തിവെപ്പ് എടുത്തവർക്ക് അതിന്റെ സർട്ടിഫിക്കറ്റ് മതിയെന്നുമുള്ള ഇളവ് പ്രാബല്യത്തിൽ വന്നത്. ഇക്കഴിഞ്ഞ പത്തിനാണ് കേന്ദ്ര സർക്കാർ യാത്രക്കാർ പുതിയ ഇളവ് പുറപ്പെടുവിച്ചത്. സഊദി അറേബ്യ ഉൾപ്പെടെ ഏതാനും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത് ആശ്വാസമാണ്. അതിനിടെയാണ് ചൊവ്വാഴ്ച കൊച്ചിയിലേക്കുള്ള യാത്രക്കാർക്ക് പി സി ആർ ടെസ്റ്റ് റിസൾട്ട് കൈവശം ഇല്ലെന്നതിനെ തുടർന്ന് സഊദിയിൽ നിന്ന് യാത്ര അനുവദിച്ചില്ലെന്ന വാർത്ത പുറത്തു വന്നത്.
സഊദി എയർലൈൻസിന് ഇത് സംബന്ധമായ ഔദ്യോഗിക അറിയിപ്പ് ലഭിക്കാഞ്ഞിട്ടാണോ അതല്ല മറ്റു വല്ല കാരങ്ങളാണോ ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച രാവിലെ കൊച്ചിയിലേക്ക് പോകാനായി എത്തിയവർക്കാണ് തടസം നേരിട്ടത്. ഓരോ രാജ്യത്തേക്ക് പോകുന്നവരും പാലിക്കേണ്ട കാര്യങ്ങൾ തവക്കൽനയിൽ അപ്ഡേറ്റ് ആണെന്നും അതിൽ ഇന്ത്യയിലേക്കുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കിയതിൽ പിസിആർ മാത്രമാണ് ഉള്ളതെന്നും ഇക്കാര്യമാണ് ബോർഡിങ്ങ് സമയത്ത് പരിഗണിക്കുന്നതെന്നും യാത്രക്കാർ പറയുന്നു. ഇതേ തുടർന്ന് നിരവധി പേർക്കാണ് കടുത്ത ദുരിതം നേരിട്ടത്.
അതെസമയം, ഇന്ത്യയിലേക്ക് പോകുന്നവർക്ക് ഇളവുകൾ പ്രാബല്യത്തിൽ വന്നതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. ഔദ്യോഗിക ട്വിറ്റർ അകൗണ്ടിലാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രയുടെ 72 മണിക്കൂർ ഉള്ളിലുള്ള നെഗറ്റീവ് ആർ ടി പി സി ആർ അല്ലെങ്കിൽ പൂർണ്ണ കൊവിഡ് വാക്സിൻഷൻ എന്നിവ മതിയാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി.

എയർ അറേബ്യ വിമാനവും വാക്സിൻ സർട്ടിഫിക്കറ്റുമായി യാത്ര അനുവദിക്കുന്നുണ്ട്. ഇളവ് പ്രാബല്യത്തിൽ വന്ന തിങ്കളാഴ്ച ദമാമിൽ നിന്ന് കോഴിക്കോട് സെക്റ്ററിൽ ആർ ടി പി സി ആർ ഇല്ലാതെ യാത്ര ചെയ്യാൻ അനുവദിച്ചതായി യാത്രയ്ക്കാർ പങ്ക് വെച്ചു. യാത്ര ചെയ്യാൻ അനുവദിക്കുമോ എന്നതിൽ സംശയം ഉണ്ടായിരുന്നെങ്കിലും ഇതേ കുറിച്ച് നടത്തിയ അന്വേഷണത്തിൽ വാക്സിൻ സർട്ടിഫിക്കറ്റ് മതിയെന്ന് എയർ അറേബ്യ അറിയിച്ചതിനെ തുടർന്ന് സഊദിയിൽ നിന്നുള്ള വാക്സിൻ സർട്ടിഫിക്കറ്റുമായാണ് യാത്രക്കാർ ഷാർജ വഴി കോഴിക്കോട് വിമാനത്താവളത്തിലേക്ക് പറന്നത്.
നിലവിലെ സഊദി എയർലൈൻസ് പ്രശ്നം ഉടൻ പരിഹരിക്കപ്പെടുമെന്നാണ് സൂചന. സഊദിക്ക് പുറമെ ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവക്കാണ് നിലവിലെ ഇളവ് ലഭ്യമാകുക. യു എ ഇ, കുവൈത് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഇത് ബാധകമല്ല. ഇവിടങ്ങളിൽ നിന്നുള്ളവർ 72 മണിക്കൂർ ഉള്ളിലെ നെഗറ്റീവ് പി സി ആർ ടെസ്റ്റ് റിസൾട്ട് തന്നെ കൈവശം കരുതണം.
പി സി ആർ തന്നെ വേണമെന്ന് വിമാന കമ്പനി, സഊദിയിൽ നിന്നുള്ളവരുടെ യാത്ര മുടങ്ങി




