ജിദ്ദ: തികഞ്ഞ മനുഷ്യ സ്നേഹിയും ജാതി മത കക്ഷിരാഷ്ടീയ ചിന്താഗതികൾക്കതീതമായി മാനുഷിക പരിഗണയിൽ മനുഷ്യനെ സ്നേഹിക്കാൻ പഠിപ്പിച്ച ഒരു മഹാമനീഷിയായിരുന്നു ഈയിടെ അന്തരിച്ച പനവൂർ അബ്ദുൽ മജിദ് എന്ന് മനാഫ് മൗലവി അൽ ബദ്രി പനവൂർ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണം മൂലം നിസ്വാർത്ഥ സേവകനെയാണ് നാടിന് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാനപരമായി മുസ്ലിം ലീഗ് രാഷ്ട്രീയത്തിൻ്റെ പ്രവർത്തകനും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് , ജില്ല നേതൃത്വത്തിലെ മുൻ നിരക്കാരൻ എന്നതൊക്കെയായിരുന്നെങ്കിലും തൻ്റെ മുന്നിൽ വരുന്നവരെ രാഷ്ട്രീയം നോക്കാതെ സമീപിക്കുന്നതും അവശ്യ പൂർത്തികരണത്തിന് അടിയന്തിര പ്രാധാന്യം നൽകുന്നതിലും മജീദ് സാറിന്റെ വേറിട്ട നിലപാട് പ്രശംസനിയവും തുല്ല്യതയില്ലാത്തതുമായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു. കേരളാ മുസ് ലിം ജമാഅത്തു ഫെഡറേഷൻ ജിദ്ദ ഘടകം സംഘടിപ്പിച്ച അബ്ദുൽ മജീദ് സാർ അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു അദ്ധ്യാപകൻ എന്നതിലുപരി ഖത്തീബ് എന്ന നിലയിലും കേരളാ അറബിക് ടിച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എന്ന നിലയിലുമൊക്കെ അദ്ദേഹം സമൂഹത്തിനും സമുദായത്തിനും നൽകിയ സംഭാവനകൾ എടുത്തു പറയേണ്ടതു തന്നെയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത മസ്ഊദു മൗലവി ബാലരാമപുരം പറഞ്ഞു. പരിപാടിയിൽ ജമാഅത്തു ഫെഡറേഷൻ ജിദ്ദ ഘടകം പ്രസിഡൻ്റ് ഷറഫുദ്ദിൻ ബാഖവി ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ സൈദു മുഹമ്മദ് കാശിഫി കാഞ്ഞിരപ്പള്ളി, ജമാലുദ്ദീൻ അശ്റഫി കരുനാഗപ്പള്ളി, സിദ്ദിഖ് മദനി നെടുമങ്ങാട് , എന്നിവർ മജീദ് സാറിനെ അനുസ്മരിച്ചു സംസാരിച്ചു. വിജാസ് ഫൈസി ചിതറ സ്വാഗതവും സിദ്ദിഖ് മൗലവി നന്ദിയും പറഞ്ഞു.