സഊദി തർഹീലിൽ നിന്ന് പോകുന്നവർക്കും ഇനി യാത്ര എളുപ്പമാകും, കൂടുതൽ നിബന്ധനകളിൽ നിന്നൊഴിവാക്കി

0
3442

റിയാദ്: സഊദി അറേബ്യയിലെ ജയിലുകളിൽ നിന്ന് നാട്ടിലേക്ക് അയക്കുന്നവരെ വാക്‌സിൻ സർട്ടിഫിക്കറ്റ്, എയർ സുവിദ രജിസ്‌ട്രേഷൻ എന്നിവയിൽ നിന്ന് പൂർണമായും ഒഴിവാക്കി. ഇന്ത്യയിലേക്ക് പോകുന്ന മറ്റു യാത്രക്കാർക്ക് ഉണ്ടായിരുന്നത് പോലെയുള്ള നടപടികൾ ഒഴിവാക്കിയതോടെ തർഹീൽ യാത്ര പ്രതിസന്ധി ഒഴിവാകും. ഒമിക്രോൺ വ്യാപന സമയത്ത് ഇന്ത്യയിലെത്തുന്ന പ്രവാസികൾ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി കൂടെ കരുതണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പ്രിന്റെടുക്കാൻ സാധിക്കാത്തതിനാൽ നാടുകടത്തൽ കേന്ദ്രങ്ങളിലെ ഇന്ത്യക്കാരുടെ യാത്ര പ്രതിസന്ധിയിലായിരുന്നു. ഇതിനാണ് ഇപ്പോൾ അറുതി വരുന്നത്.

സഊദിയിൽ തൊഴിൽ താമസ നിയമ ലംഘകരായി പിടിക്കപ്പെട്ട് നാടുകടത്തൽ കേന്ദ്രങ്ങളിൽ (തർഹീലുകളിൽ) കഴിയുന്നവർക്ക് നാട്ടിലെത്താൻ എയർ സുവിദ രജിസ്‌ട്രേഷനോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അവർക്ക് പി.സി.ആർ പരിശോധന മാത്രം മതി. നാടുകടത്തൽ കേന്ദ്രങ്ങളിലെ ഇന്ത്യക്കാരുടെ യാത്ര പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞയാഴ്ച ഈ വ്യവസ്ഥ ഒഴിവാക്കിയതായി കേന്ദ്ര സർക്കാർ എംബസിയെ അറിയിച്ചു. ജയിലിൽ നിന്ന് യാത്രാനടപടികൾ ശരിയാക്കുന്നതിന്റെ ഭാഗമായി എല്ലാവർക്കും പി.സി.ആർ ടെസ്റ്റ് നടത്തിയാൽ മതി. ഇതോടെ തടവുകാരുടെ യാത്രാപ്രതിസന്ധിക്ക് പരിഹാരമായി. ഈ പ്രശ്‌നം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി അറിയിച്ചതനുസരിച്ച് പി.വി. അബ്ദുൽ വഹാബ് എം.പി രാജ്യസഭയിൽ വിഷയം ഉന്നയിച്ചിരുന്നു.