കരിപ്പൂർ: കൊവിഡ് റിസൽട്ടിലെ മാറിമായത്തിൽ നട്ടം തിരിഞ്ഞ് പ്രവാസികൾ. വിമാനത്താവളത്തിൽ നടക്കുന്ന കൊവിഡ് ടെസ്റ്റിൽ പോസിറ്റിവ് ആകുന്നതിനെ തുടർന്നു യാത്ര മുടങ്ങുന്നവരുടെ എണ്ണം വർധിക്കുകയാണ്. എന്നാൽ, ഇവർ വിമാനത്താവളത്തിന് പുറത്ത് പരിശോധിക്കുമ്പോൾ ഫലം നെഗറ്റിവ് ആകുന്നതാണ് സംശയം ജനിപ്പിക്കുന്നത്. ഒരു വിമാനത്താവളത്തിലെ റാപിഡ് പി.സി.ആർ പരിശോധനയിൽ പോസിറ്റിവ് ആയവർ മറ്റൊരു വിമാനത്താവളത്തിൽ പരിശോധിക്കുമ്പോൾ നെഗറ്റിവാകുന്ന മറിമായം ഏറെ ചർച്ചയായിരുന്നു. യുഎഇ പ്രവാസികളെയാണ് ഇത് ഏറ്റവും കൂടുതൽ ദുരിതത്തിലാക്കുന്നത്.
ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്കുള്ള യാത്രക്കാർക്കായാണ് വിമാനത്താവളങ്ങളിൽ റാപിഡ് പി.സി.ആർ കൊവിഡ് പരിശോധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. യു.എ.ഇ നിർദേശത്തെ തുടർന്ന് 2021 ആഗസ്റ്റ് മുതലാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇതിന് സൗകര്യം ഒരുക്കിയത്. ഈ പരിശോധനയാണ് യാത്രക്കാർക്ക് ദുരിതമായിത്തീർന്നിരുന്നിരിക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കടക്കം യാത്രയുടെ 72 മുതൽ 42 വരെ മണിക്കൂർ മുമ്പ് നടത്തിയ നെഗറ്റിവ് ആർ.ടി.പി.സി.ആർ പരിശോധന ഫലം മതി.
അതേസമയം, ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ഫലം ലഭിച്ചവർക്ക് വിമാനത്താവളത്തിലെത്തി നടത്തുന്ന റാപിഡ് പി.സി.ആർ പരിശോധനയിൽ പോസിറ്റിവ് ഫലം ലഭിക്കുന്നതായുള്ള പരാതികളാണ് വ്യാപകമായി ഉയരുന്നത്. ഇതോടെ ഇവർക്ക് യാത്ര മുടങ്ങുകയാണ് ചെയ്യുന്നത്. റാപിഡ് പി.സി.ആറിന് ഈടാക്കുന്ന വ്യത്യസ്ത നിരക്കും ഏറെ സംശയാസ്പദമാണ്. കരിപ്പൂരിൽ 1580 രൂപ ഈടാക്കുമ്പോൾ കേരളത്തിൽ മറ്റു മൂന്ന് വിമാനത്താവളങ്ങളിലും 2490 രൂപയാണ്. ഡൽഹി, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ ഉയർന്ന നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. റാപിഡ് പി.സി.ആർ പരിശോധന നിർത്തിവെക്കണമെന്ന് നേരത്തേ വിദേശകാര്യമന്ത്രാലയം യു.എ.ഇയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കൊവിഡ് വ്യാപനത്തോത് പരിഗണിച്ച് പിൻവലിക്കമെന്നായിരുന്നു മറുപടി.
അതേസമയം, ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റിവ് ഫലം ലഭിച്ചാൽ ശരീരത്തിൽ വൈറസ് സാന്നിധ്യമില്ല എന്നല്ല അർത്ഥമാക്കുന്നതിനും, പകരം നിശ്ചിത പരിധിയിൽ താഴെയാണ് എന്നാണെന്നും റാപിഡ് പി.സി.ആറിൽ ശരീരത്തിൽ വളരെ നേരിയ അളവിലുള്ളതായാലും വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താനാകുമെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.




