റിയാദ്: രാജ്യത്ത് കൊലപാതക കേസുകളിലെ മൂന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജിദ്ദ, അൽ ഖർജ് എന്നിവിടങ്ങളിലായാണ് ഇന്ന് മൂന്ന് വധ ശിക്ഷകൾ നടപ്പാക്കിയത്. മൂന്ന് വ്യത്യസ്ത കേസുകളിലായി ഒരു വിദേശയുടെയും രണ്ട് സ്വദേശികളുടെയും വധശിക്ഷയാണ് ജിദ്ദ, അൽ ഖർജ് എന്നിവിടങ്ങളിലായി നടപ്പാക്കിയത്.
ജിദ്ദ ഗവർണറേറ്റിലെ മക്ക മേഖലയിൽ ഫലസ്തീനിയായ ഹൈതം സുബുഹ് മുഹമ്മദ് അൽ-ഹാസി എന്നയാൾ സഊദി പൗരനായ ഇദാൻ ബിൻ മുഹമ്മദ് ബിൻ ഹസൻ അൽ-സഹ്‌റാനിയെ ഇരുമ്പ് ചങ്ങലയിൽ കെട്ടിയിട്ട ശേഷം മുഷ്ടികൊണ്ട് മുഖത്ത് അടിച്ച് കാറിന്റെ ജാക്കി ലിവർ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ ഫലസ്തീനിയായ ഹൈതം സുബുഹ് മുഹമ്മദ് അൽ-ഹാസിയെ പോലീസ് പിടികൂടി കുറ്റം തെളിയിക്കപ്പെട്ടെങ്കിലും ഇരയുടെ അനന്തരാവകാശികൾ പ്രായപൂർത്തിയാകാത്തതിനാൽ ശിക്ഷ നടപ്പിലാക്കുന്നത് ഇത് വരെ നീട്ടി വെച്ചതായിരുന്നു. ഇപ്പോൾ അനന്തരാവകാശികൾക്ക് പ്രായപൂർത്തിയാകുകയും അവർ വധ ശിക്ഷക്ക് സമ്മതം നൽകുകയും ചെയ്തതോടെയാണ് പ്രതിയെ ഇന്ന് ജിദ്ദയിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.
മറ്റൊരു കേസിൽ സഊദി പൗരനായ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുഹമ്മദ് അലി ഖാനെ മൂർച്ചയുള്ള വസ്തു കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി ഈജിപ്ഷ്യൻ പൗരനായ ഇബ്രാഹിം സയ്യിദ് ഇബ്രാഹിം മൻസൂറിനെയാണ് ജിദ്ദയിൽ വധശിക്ഷക്ക് വിധേയനാക്കിയത്. ഇരുവരും തമ്മിൽ ഉടലെടുത്ത തർക്കം ഒരാളുടെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
റിയാദ് മേഖലയിലെ അൽ-ഖർജ് ഗവർണറേറ്റിൽ നടപ്പാക്കിയ മറ്റൊരു വധശിക്ഷയും കൊലപാതകക്കേസിലാണ്. സഊദി പൗരനായ മിസ്ഫിർ ബിൻ സഅദ് ബിൻ മുബാറക് അൽ ദോസരിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയമറ്റൊരു സഊദി പൗരനായ ഷബീബ് ബിൻ തഹ്‌നൂൻ ബിൻ ഷബീബ് അൽ-മുർസലിനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
മുകളിൽ സൂചിപ്പിച്ച മൂന്ന് കേസുകളിലെയും പ്രതികളെ പിടികൂടുകയും കുറ്റം തെളിയിക്കപ്പെടുകയും കോടതി ഇവർക്കെതിരെ വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു. പ്രാഥമിക കോടതി വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശരിഅത്ത് വിധി പ്രകാരം നടപ്പിലാക്കാൻ രാജകീയ ഉത്തരവ് ലഭിക്കുകയും ചെയ്തതോടെയാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്.




