ജിദ്ദ എസ് ഐ സി മനുഷ്യ ജാലിക സംഘടിപ്പിച്ചു

ജിദ്ദ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി അറേബ്യയില്‍ നാല്‍പതിലധികം കേന്ദ്രങ്ങളിലായി ഏകീകൃത രൂപത്തില്‍ ഒരുക്കിയ മനുഷ്യ ജാലികയുടെ ഭാഗമായി സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാഗ്ദാദിയ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ട സംഗമം ശ്രദ്ധേയമായി.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ കാലമായി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് തുടര്‍ന്നു വരുന്ന ‘’മനുഷ്യജാലിക’’ ഉദ്ഘോഷിക്കുന്ന ‘’രാഷ്ട്രരക്ഷക്ക് സൌഹൃദത്തിന്റെ കരുതല്‍’’ എന്ന പ്രമേയത്തിന്റെ പ്രസക്തി
വര്‍ത്തമാനകാലത്തെ രാഷ്ട്രീയ സാമൂഹിക ഇന്ത്യന്‍ സാഹചര്യത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നതായി സംഗമം വിലയിരുത്തി.

സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട്‌ അഷ്‌റഫ്‌ ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജാലിക ഐക്യദാർഢ്യ സംഗമം എസ് ഐ സി മക്ക പ്രോവിന്‍സ് പ്രസിഡണ്ട്‌ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ വേങ്ങൂർ ഉദ്ഘാദനം ചെയ്തു.

ഓര്‍ഗനൈസിംഗ് സെക്രട്ടറി സൈനുദ്ദീന്‍ ഫൈസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജനറല്‍ സെക്രട്ടറി അബൂബകര്‍ ദാരിമി ആലംപാടി പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട്‌ അഹ്മദ് പാളയാട്ട് ആശംസ നേർന്നു സംസാരിച്ചു. എസ് ഐ സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ നജ്മുദ്ദീന്‍ ഹുദവി മോഡറേറ്റർ ആയിരുന്നു.

എസ് ഐ സി സെൻട്രൽ കമ്മിറ്റി ട്രഷറർ മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ പ്രാർത്ഥന നടത്തി. വർക്കിംഗ്‌ സെക്രട്ടറി അൻവർ ഫൈസി സ്വാഗതവും വൈസ് ചെയർമാൻ ഉസ്മാന്‍ എടത്തില്‍ നന്ദിയും പറഞ്ഞു.