സ്വർണവും വിദേശ കറൻസിയുമായി കാബിൻ ക്രൂ ജിദ്ദ വിമാനത്താവളത്തിൽ അറസ്റ്റിൽ

0
3959

ജിദ്ദ: അനധികൃതമായ നിലയിൽ സ്വർണ്ണവും വിദേശ കറൻസിയും കടത്തിയ വിമാന കാബിൻ ക്രൂ ജിദ്ദയിൽ പിടിയിലായി. ബംഗ്ലാദേശ് ദേശീയ വിമാന കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിലെ കാബിൻ ക്രൂ റൂഹുൽ അമിൻ ഷുവോയാണ് സഊദി അറേബ്യയിലെ ജിദ്ദ കിംഗ് അബ്ദുൾ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ സേനയുടെ പിടിയിലായത്. സംഭവത്തെ തുടർന്ന് ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് റൂഹുൽ അമിൻ ഷുവോയെ പുറത്താക്കി.

ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ ധാക്കയിലേക്ക് പോകുന്ന ബിജി 4038 വിമാനത്തിന്റെ ഫ്ലൈറ്റിൽ അറ്റന്ഡറായി ഷുവോ ഡ്യൂട്ടിയിലായിരുന്നു. ബുധനാഴ്ച വിമാനത്തിൽ കയറുന്നതിനിടെ സുരക്ഷാ പരിശോധനയിൽ ഇയാളുടെ ലഗേജിൽ നിന്ന് സ്വർണവും വിദേശ കറൻസിയും എയർപോർട്ട് അധികൃതർ കണ്ടെടുത്തതായി ബിമാൻ വക്താവ് താഹേര ഖണ്ഡാകർ പറഞ്ഞു.

ഷുവോയ്‌ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. സഊദി അധികൃതരിൽ നിന്ന് വിമാനക്കമ്പനികൾക്കെതിരെയുള്ള റിപ്പോർട്ടുകൾ ലഭിച്ചാൽ അയാൾക്ക് കൂടുതൽ ശിക്ഷകൾ നേരിടേണ്ടിവരും. സഊദി ഇമിഗ്രേഷൻ അതോറിറ്റിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, ഷുവോയിൽ നിന്ന് പിടിച്ചെടുത്ത സ്വർണത്തിന്റെയോ കറൻസിയുടെയോ അളവ് സ്ഥിരീകരിക്കാൻ ബിമാൻ എയർലൈൻസ് അധികൃതർ തയ്യാറായില്ല.