അന്താരാഷ്ട്ര യാത്രാവിമാന വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

0
4577

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി. 2022 ഫെബ്രുവരി 28 വരെയാണ് ഇപ്പോൾ നീട്ടിയതായി സിവിൽ ഏവിയേഷൻ അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മാർച്ചിൽ ആരംഭിച്ച യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ഈ മാസം അവസാനിക്കാനിരിക്കെയാണ് വിലക്ക് വീണ്ടും നീട്ടിയതായി സർക്കാർ അറിയിച്ചത്.

ഇതിനിടെ നേരത്തെ, വിലക്ക് പൂർണ്ണമായും നീക്കാൻ തീരുമാനം കൈകൊണ്ടിരുന്നെങ്കിലും ഒമിക്രോൺ പശ്ചാത്തലത്തിൽ തീരുമാനം മരവിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, കാർഗോ വിമാനങ്ങൾക്കും എയർ ബബിൾ കരാർപ്രകാരം സർവീസ് നടത്തുന്ന വിമാനങ്ങൾക്കും വിലക്ക് ബാധകമാകില്ല. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ഇന്ത്യ ആദ്യമായി വിമാന യാത്രകൾക്ക് വിലക്കേർപ്പെടുത്തിയതായി പ്രഖ്യാപിച്ചത്.

മുഴുവൻ ജിസിസി രാജ്യങ്ങളുമായും മറ്റു നിരവധി രാജ്യങ്ങളുമായും ഇന്ത്യ എയർ ബബിൾ കരാറിലേർപ്പെട്ടിട്ടുണ്ട്. എങ്കിലും സഊദി എയർബബ്ൾ കരാർ പ്രകാരമുള്ള സർവ്വീസുകൾ ഇപ്പോഴും പൂർണ്ണമായും ആരംഭിച്ചിട്ടില്ല. ഒമിക്രോൺ പശ്ചാത്തലത്തിൽ ഇന്ത്യ വീണ്ടും വിലക്ക് നീട്ടിയ സാഹചര്യത്തിൽ നിലവിൽ വിവിധ രാജ്യങ്ങളുമായുള്ള എയർ ബബിൾ കരാറുകൾ ഇന്ത്യ പുതുക്കിയേക്കും.