റിയാദ്: ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസം, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ച 13,627 ഓളം പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജനുവരി 6 മുതൽ 12 വരെയുള്ള ആഴ്ചയിൽ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത ഫീൽഡ് കാംപയ്‌നിനിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
6,774 ഇഖാമ വ്യവസ്ഥകൾ ലംഘിച്ചവരും 5,295 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 1,558 തൊഴിൽ നിയമ ലംഘകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 411 പേർ അറസ്റ്റിലായി. ഇവരിൽ 48 ശതമാനം യെമനികളും 49 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റ് രാജ്യക്കാരുമാണ്. 17 നിയമലംഘകർ സഊദി അറേബ്യയിൽ നിന്ന് പുറത്തേക്ക് പോകാൻ നടത്തിയ ശ്രമത്തിനിടെയും പിടിക്കപ്പെട്ടു.
താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കൊണ്ടുപോകുകയും അഭയം നൽകുകയും ചെയ്ത 14 പേരെ അറസ്റ്റ് ചെയ്തു. 94,938 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്, അതിൽ 84,794 പുരുഷന്മാരും 10,144 സ്ത്രീകളുമാണ്.
ഇവരിൽ 84,086 നിയമലംഘകരെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അവരുടെ എംബസികളിലേക്ക് കൈമാറി. 2,228 നിയമലംഘകരെ അവരുടെ യാത്രാ ടിക്കറ്റ് പൂർത്തിയാക്കാനും കൈമാറി. 6,380 നിയമലംഘകരെ നാടുകടത്തി.
നുഴഞ്ഞുകയറ്റക്കാരന് രാജ്യത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ ഏതെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും 1 മില്യൺ റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പിൽ ആവർത്തിച്ചു.
