വിവിധ നിയമലംഘനങ്ങൾക്ക് പത്തുലക്ഷം റിയാൽ വരെ പിഴ; സഊദിയിൽ പുതുക്കിയ ബലദിയ പിഴകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

0
5656

റിയാദ്: സഊദിയിൽ മുനിസിപ്പൽ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. സഊദി മന്ത്രി സഭ അംഗീകരിച്ച പുതുക്കിയ ബലദിയ നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളുമാണ് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നത്. ലൈസൻസില്ലാതെ നിർമ്മിച്ച കെട്ടിടങ്ങൾ നിയമലംഘകന്റെ ചെലവിൽ നീക്കംചെയ്യൽ, ഒരാഴ്ചയിലധികം പൊതു സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്ന വാഹനങ്ങൾ ബലദിയ പിടിച്ചെടുക്കൽ എന്നിവ ഉൾപ്പെടുന്ന മുനിസിപ്പൽ നിയമ ലംഘനങ്ങൾ ആണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നത്. പത്ത് ലക്ഷം റിയാൽ വരെ പിഴകൾ ഈടാക്കുന്ന നിയമ ലംഘനങ്ങളുടെ പട്ടിക അധികൃതർ പുറത്ത് വിട്ടു.

വാണിജ്യ കേന്ദ്രങ്ങളിൽ കുട്ടികളുടെ ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങൾ സജ്ജീകരിച്ചില്ലെങ്കിൽ 25,000 റിയാൽ പിഴ ഈടാക്കും സ്ത്രീകളുടെ ഗ്രൂമിംഗ് ഷോപ്പുകളിൽ ക്യാമറകൾ സ്ഥാപിച്ചാൽ 20,000 റിയാൽ പിഴയും ഈടാക്കും. ലൈസൻസ് ഇല്ലാതെ ഹുക്ക നൽകിയാൽ 10,000 റിയാൽ പിഴയും, ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനോ വിൽക്കാനോ വേണ്ടി കോസ്‌മെറ്റിക്, മെഡിക്കൽ ആവശ്യങ്ങൾക്കായി മിശ്രിതങ്ങൾ നിർമ്മിച്ചാൽ 10,000 റിയാൽ പിഴ, സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ പിഴ കാലാവധി അവസാനിക്കുന്നതിന് മുമ്പ് വീണ്ടും തുറക്കുകയോ ഷോപ്പുകൾ പ്രവർത്തിക്കുകയോ ചെയ്‌താൽ 10,000 റിയാൽ പിഴയും ഇതിൽ ഉൾപ്പെടുന്നു.

റോഡ്, തെരുവ് ലംഘനങ്ങൾ ഇപ്രകാരമാണ്. അടിയന്തിരമല്ലാത്ത ഖനനത്തിന് സാധാരണ കുഴിയെടുക്കാനുള്ള പെർമിറ്റ് ഉപയോഗിച്ചാൽ 50,000 റിയാൽ, ഖനനം നികത്തി സ്ഥലം പഴയപടിയാക്കാതിരുന്നാൽ 30,000 റിയാൽ, ഉത്ഖനന ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ നന്നാക്കിയ തെരുവുകൾക്ക് കേടുപാടുകൾ വരുത്തിയാൽ 30,000 റിയാൽ, സംരക്ഷണ മോൾഡിംഗുകളിൽ കരാറുകാരന്റെ പേര് പതിച്ചില്ലെങ്കിൽ 5,000 റിയാൽ പിഴയും ഈടാക്കും.

കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച് എൻജിനീയറിങ് ഓഫീസ് മേൽനോട്ടം വഹിച്ചാൽ 50,000 റിയാൽ, കെട്ടിട പെർമിറ്റ് ഇല്ലാതെ കെട്ടിടം പണിയുമ്പോൾ 50,000 റിയാൽ, ജീർണിച്ച കെട്ടിടങ്ങൾ ഉടമയെ അറിയിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തപ്പോൾ 50,000 റിയാൽ, മലിനജല കേന്ദ്രങ്ങൾ കവറുകൾ ഇല്ലാതെ ഉപേക്ഷിച്ചാൽ 10,000 റിയാൽ എന്നിങ്ങനെയും പിഴ ഈടാക്കും.

പെട്രോൾ പമ്പുകളിൽ വില നിർണ്ണായ ബോർഡുകൾ ഇല്ലെങ്കിൽ 10,000 റിയാൽ, പെട്രോൾ പമ്പ് വൃത്തിയില്ലെങ്കിൽ 5,000 റിയാൽ, ബാത്ത്റൂമുകൾ ശുചിത്വം ഇല്ലെങ്കിൽ 2500 റിയാൽ, ഭിന്നശേഷിയുള്ളവരുടെ ആവശ്യങ്ങൾ പാലിക്കാത്തതിന് 2500 റിയാലും എന്നിങ്ങനെ പെട്രോൾ പമ്പുകൾക്കും പിഴ ഈടാക്കും.

കൂടാതെ, ചട്ടങ്ങളുടെ ആർട്ടിക്കിൾ രണ്ട് അനുസരിച്ച്, ഒന്നോ അതിലധികമോ ലംഘനങ്ങൾ നടത്തുന്നവർക്ക് അത് സാധാരണമാണെങ്കിൽ 500,000 റിയാലിൽ കവിയാത്ത പിഴയും ഗുരുതരമായതാണെങ്കിൽ ഒരു ദശലക്ഷം റിയാലുമായും ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് പിഴ ഇരട്ടിയുമാക്കാം.