കോഴിക്കോട് നിന്ന് സഊദിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ടിക്കറ്റുകൾ ഇപ്പോൾ ലഭ്യം

0
5236

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ സഊദി അറേബ്യയിലേക്ക് സർവ്വീസുകൾ നടത്തുന്നു. വിമാന ടിക്കറ്റ് ബുക്കിംഗ് തുടരുന്നതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു. കോഴിക്കോട് നിന്ന് കിഴക്കൻ സഊദിയിലെ ദമാമിലേക്കാണ് സർവ്വീസുകൾ. ഈ മാസം 18, 20, 21,25 ദിവസങ്ങളിൽ സർവ്വീസുകൾ ഉണ്ടാകുമെന്ന് എയർഇന്ത്യ എക്സ്പ്രസ്സ് ട്വിറ്ററിൽ അറിയിച്ചു.

ഓൺലൈനിൽ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. 20 നുള്ള സർവ്വീസിന് 30,987 രൂപയും 21, 25 തിയ്യതികളിൽ 34,487 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതിൽ ഹാൻഡ്‌ ബാഗിന് പുറമെ 20 കിലോ ലഗേജും അനുവദിക്കും. രാവിലെ 8 മണിക്ക് കരിപ്പൂരിൽ നിന്ന് ഉയരുന്ന വിമാനം സർവ്വീസ് 10:10 ന് ദമാമിലെത്തും. 11 മണിക്ക് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് ഒരു മണിക്കും ദമാമിൽ ഇറങ്ങും. ഓൺലൈൻ ബുക്കിംഗിനായി https://www.airindiaexpress.in/en

സഊദി യാത്രക്ക് 72 മണിക്കൂർ ഉള്ളിലുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണം. മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സഊദിയിൽ നിന്ന് രണ്ട് ഡോസ് എടുത്തവർക്ക് നേരിട്ട് ദമാമിൽ നിന്ന് റൂമിലേക്ക് പോകാം. ഒരു ഡോസ് വാക്സിൻ സഊദിയിൽ നിന്ന് എടുത്തവരാണെങ്കിൽ മൂന്ന് ദിവസത്തെയും രണ്ട് ഡോസും സഊദിക്ക് പുറത്ത് നിന്നാണെങ്കിൽ അഞ്ച് ദിവസത്തെയും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിര്ബന്ധമാണ്.

നാട്ടിലെ വിമാനത്താവളത്തിൽ ക്വാറന്റൈൻ പാക്കേജ് വൗച്ചറുകൾ നിർബന്ധമായും കാണിച്ചു കൊണ്ടുക്കണം. സഊദിയിൽ നിന്ന് രണ്ട് ഡോസ് എടുത്തവർ അത് തെളിയിക്കുന്നതിനായി സ്വിഹതി ആപ്പിലെ സർട്ടിഫിക്കറ്റും ബോർഡിങ്‌ സമയത്ത് സമർപ്പിക്കണം. കരിപ്പൂരിൽ നിന്ന് ഏറ്റവും തിരക്കേറിയ സഊദി സെക്ടറിൽ വലിയ വിമാനമില്ലാത്തത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ്.

നേരത്തെ, സഊദി എയർലൈൻസ് സർവിസ് നടത്തിയിരുന്നെങ്കിലും വിമാനാപകട പശ്ചാത്തലത്തിൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. എയർ ബബ്ൾ പ്രകാരം പ്രഖ്യാപിച്ച ഇൻഡിഗോ സഊദിയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇത് വരെ ഓൺലൈനിൽ പുറത്ത് വിട്ടിട്ടില്ല.