കേരളത്തിലെ എയർപോർട്ടുകളിൽ കൊവിഡ് ടെസ്റ്റിന്റെ പേരിൽ നടക്കുന്നത് ചൂഷണം തന്നെ, പിസിആർ ടെസ്റ്റ് കമ്പനിയെ വെല്ലു വിളിച്ച് അഷ്‌റഫ്‌ താമരശേരി

0
2229

ദുബൈ: കേരളത്തിലെ വിമാനതാവളങ്ങളിൽ വ്യത്യസ്ത കൊവിഡ് പരിശോധനാ ഫലം ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ നിലപാട് കടുപ്പിച്ച് സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ്‌ താമരശേരി. ഇല്ലാത്ത കൊവിഡ് പോസ്റ്റീവ് കാണിച്ച് തന്റെ യാത്ര നിരസിക്കാൻ കാരണമായ സംഭവം പുറത്ത് കൊണ്ട് വരികയും അതേദിവസം തന്നെ മറ്റൊരു വിമാനത്താവളം വഴി ഗൾഫിലേക്ക് പറക്കുകയും ചെയ്തതോടെയാണ് കേരളത്തിലെ എയർപോർട്ടുകളിലെ കൊവിഡ് പരിശോധനകളിലെ വൈരുധ്യം പുറത്ത് വന്നത്.

ഇതിന് പിന്നാലെ ഇത്‌ വൻ വിവാദമാകുകയും ചെയ്തിരുന്നു. ഒടുവിൽ സംഭവം പുറത്തു കൊണ്ടുവന്ന അഷ്‌റഫ്‌ താമരശ്ശേരിക്കെതിരെ പിസിആർ ടെസ്റ്റ് നടത്തുന്ന കമ്പനി തന്നെ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് അഷ്‌റഫ്‌ താമരശേരി കമ്പനിയെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്. തനിക്കെതിരെ നടപടി എടുക്കാൻ അദ്ദേഹം കമ്പനിയെ വെല്ലു വിളിച്ചു. തനിക്കെതിരെ നിയമനടപടി സ്വീകരിക്കാത്തത് സാമൂഹിക പ്രവർത്തകൻ ആയതിനാലാണെന്ന കമ്പനി വിശദീകരണം തള്ളിയാണ് ധൈര്യമുണ്ടെങ്കിൽ നിയമ നടപടി സ്വീകരിക്കണമെന്നും അപ്പോഴാണ് സത്യം പുറത്തുവരികയെന്നും അദ്ദേഹം പറഞ്ഞത്.

പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എവിടെ കണ്ടാലും മറ്റൊന്നും നോക്കാതെ പ്രതികരിക്കുമെന്നും പ്രവാസികളെ ചൂക്ഷണം ചെയ്ത് ജീവിക്കുന്നവർക്കെതിരെ അവസാനം ശ്വാസം വരെയും പോരാടുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

അഷ്റഫ് താമരശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം 👇

തിരുവനന്തപുരം വിമാനത്താവളത്തിലെ പി സി ആർ പരിശോധന ഫലത്തെ കുറിച്ചുളള വിവാദം ഞാൻ അവസാനിപ്പിച്ചതായിരുന്നു. പക്ഷെ സത്യം പറഞ്ഞതിൻ്റെ പേരിൽ എന്നെ കുറെ നാളുകളായി വേട്ടയാടുകയാണ്. ചില online വാർത്തകളെയും കൂട്ട് പിടിച്ച് പൊതു സമൂഹത്തിൻ്റെ മുന്നിൽ എന്നെ താറടിച്ച് കാണിക്കുവാനുളള ശ്രമമാണ് ഇതിൻ്റെ പിന്നിലെന്ന് ഞാൻ സംശയിക്കുന്നു.

കോർപ്പറേറ്റ് കമ്പനിയുടെ ഉടമയുടെ വാർത്താ സമ്മേളനത്തിൽ തൻ്റെ തെറ്റുകളെ വെളളപൂശാൻ ശ്രമിക്കുന്നതായി തോന്നി. തിരുവനന്തപുരത്തും, കോഴിക്കോടും പി സി ആർ പരിശോധന ഫലം പോസ്റ്റീവാണെങ്കിൽ എന്തു കൊണ്ട് എറണാകുളത്ത് നെഗറ്റീവ് ആകുന്നു.കൊച്ചിയിൽ ഒന്നിലധികം പരിശോധന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. അപ്പോൾ തെറ്റ് പറ്റിയത് മറ്റേ സ്ഥാപനങ്ങളുടെ മെഷീനാണെന്ന് ഈ വിദ്വാൻ പറയുവാൻ മടിക്കുന്നതിൻ്റെ കാരണമെന്താണ്. അപ്പോൾ മെഷീൻ്റെ സാങ്കേതികമായ വിവരമുളളവർ തമ്മിൽ സംസാരിക്കുമ്പോൾ ആർക്കാണ് തെറ്റ് പറ്റിയതെന്ന് കൂടുതൽ വ്യക്തമാകും.

 പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എവിടെ കണ്ടാലും ഞാൻ പ്രതികരിക്കും, അവിടെ കോർപ്പറേറ്റുകൾ എന്നോ, രാഷ്ട്രീയമോ, കൊടിയുടെ നിറമോ, ജാതിയോ, വർഗ്ഗമോ നോക്കാറില്ല. പ്രവാസികളെ ചൂക്ഷണം ചെയ്ത് ജീവിക്കുന്നവർക്കെതിരെ അവസാനം ശ്വാസം വരെയും പോരാടും.

കോർപ്പറേറ്റ് ഉടമയുടെ വാർത്താ സമ്മേളനത്തിൽ പറയുന്നത് കേട്ടു.ഞാൻ ഒരു സാമൂഹിക പ്രവർത്തകനായതിനാലാണ് അവർ നിയമ നടപടി സ്വീകരിക്കാത്തത് എന്ന്. നിങ്ങൾക്ക് ധെെര്യമുണ്ടോ, എനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുവാൻ, അന്ന് സതൃം പുറത്ത് വരും. നിങ്ങൾ കോർപ്പറേറ്റുകൾ കരുതുന്നത്, കുറച്ച് പണവും, സ്വാധീനവും, ചില ഓൺലെെൻ മാധ്യമക്കാരും ഉണ്ടെങ്കിൽ എന്തും ചെയ്യുവാൻ കഴിയുമെന്ന്. എങ്കിൽ അവിടെ നിങ്ങൾക്ക് തെറ്റ് പറ്റി. ഏത് വഴിയും പണം സമ്പാദിക്കാനുളള നെട്ടോട്ടത്തിനിടയിൽ മനസ്സാക്ഷിയെന്ന ഒരു കാര്യമുണ്ട്. കച്ചവടത്തിൽ പോലും സൂക്ഷമത വേണമെന്ന് നമ്മെ പഠിപ്പിച്ചതാണ് പടച്ചതമ്പുരാൻ, അല്ലാഹുവിന് നിരക്കാത്തത് ചെയ്യുവാൻ പാടില്ല, ദുനിയാവിനും അപ്പുറം മറ്റൊരു ലോകമുണ്ട്, അതാണ് സ്ഥായിയായ ലോകം. ഒരു രാത്രി കിടന്നുറങ്ങി രാവിലെ എഴുന്നേൽക്കുവാൻ കഴിയുന്ന, പടച്ച തമ്പുരാൻ്റെ അപാര അനുഗ്രഹത്തെ കുറിച്ച് ഒന്ന് ഓർത്താൽ നല്ലത്. അല്ലാഹു നമ്മെയെല്ലാപേരെയും കാത്ത് രക്ഷിക്കുമാറാകട്ടെ. ആമീൻ

അഷ്റഫ് താമരശ്ശേരി