സഊദിയിലെ ഏറ്റവും വലിയ വനിതാ വാക്കിംഗ് ടീം ജുബൈലിൽ രൂപീകരിച്ചു

0
955

ദമാം: കിഴക്കൻ പ്രവിശ്യയിലെ വാണിജ്യ നഗരമായ ജുബൈലിൽ 700 അംഗങ്ങൾ ഉൾപ്പെടുന്ന സഊദി അറേബ്യയിലെ ഏറ്റവും വലിയ വനിതാ നടത്ത ടീമിന് രൂപം നൽകി. അബീർ അൽ ദായിൽ എന്ന സഊദി വനിതയാണ് ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നൽകിയത്. ടീം രൂപീകരിച്ചതിന് പിന്നാലെ രോഗം കുറഞ്ഞവരും കൂട്ടത്തിലുണ്ട്. നടത്തം 70 ശതമാനം ടീം അംഗങ്ങളുടെയും ഭാരം കുറച്ചുവെന്നും അവരിൽ 15 ശതമാനം പേരും മുമ്പ് അനുഭവിച്ച ചില വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സുഖം പ്രാപിച്ചതായും അൽ-അറബിയ ചാനൽ റിപ്പോർട്ട് ചെയ്തു.

ബീച്ചുകളിലും സമീപ പ്രദേശങ്ങളിലും പാർക്കുകളിലും എല്ലാത്തരം കായിക പ്രവർത്തനങ്ങൾക്കും ജുബൈലിന്റെ നഗര ഘടന നന്നായി രൂപകൽപ്പന ചെയ്തിട്ടുണ്ടെന്ന തന്റെ വ്യക്തിപരമായ വിശ്വാസമാണ് ടീം രൂപീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ടീമിന്റെ സ്ഥാപക അബീർ അൽ-ദായിൽ പറഞ്ഞു.

കഴിഞ്ഞ നാല് വർഷത്തിനിടെ ആരോഗ്യ ബോധവൽക്കരണത്തിൽ 100 ലധികം സംരംഭങ്ങൾ സംഘം നടത്തിയിട്ടുണ്ടെന്നും അബീർ അൽ-ദായിൽ ചൂണ്ടിക്കാട്ടി.