ദമാം: കിഴക്കൻ പ്രവിശ്യയിലെ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (അഷർഖിയ ചേംബർ) ഡയറക്ടർ ബോർഡിലേക്ക് സഊദിയിലെ പ്രമുഖ വ്യവസായി അഘരീദ് ഇഹ്‌സാൻ അബ്ദുൽ ജവാദ് തിരഞ്ഞെടുക്കപ്പെട്ടു. അഷർഖിയ ചേംബറിന്റെ ഒമ്പതംഗ ഡയറക്ടർ ബോർഡിലേക്ക് ഇതാദ്യമായാണ് ഒരു സഊദി വനിത തിരഞ്ഞെടുക്കപ്പെടുന്നത്.
കിഴക്കൻ പ്രവിശ്യയിലെ ബിസിനസ്സ് സമൂഹം തന്നിൽ അർപ്പിച്ച വിശ്വാസത്തിന് അഘരീദ് നന്ദി പറഞ്ഞു. “അഷർഖിയ ചേംബർ ബോർഡിലെ ആദ്യ വനിതയായി എന്നെ തിരഞ്ഞെടുത്തതിലൂടെ ഒരു പുതിയ ഘട്ടം തുറക്കുന്നതിൽ നിങ്ങൾ പ്രധാന പങ്കുവഹിച്ചു. ശോഭനമായ ഭാവിയിലേക്കുള്ള ഞങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രത്തിന്റെ യാത്രയെ പിന്തുണയ്ക്കാൻ ഞങ്ങൾക്ക് തുടർന്നും പ്രവർത്തിക്കാം, അവർ ട്വിറ്ററിൽ കുറിച്ചു.
ശൂറ കൗൺസിൽ മുൻ അംഗവും അബ്ദുൽ ജവാദ് ഹോൾഡിംഗ് കമ്പനിയുടെ ബോർഡ് ചെയർമാനുമായ ഇഹ്‌സാൻ അബ്ദുൾജവാദിന്റെ മകളാണ് അഘരീദ്. റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റായ തംകീൻ അറേബ്യയുടെ ഡയറക്ടർ ബോർഡ് ചെയർപേഴ്‌സണായും അബ്ദുൾജവാദ് ഹോൾഡിംഗ് കമ്പനിയുടെ ഫിനാൻഷ്യൽ മാനേജർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലത്തിൽ സ്ഥാനാർത്ഥികൾക്ക് ആകെ 46,781 വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ വനിതയായ അഘരീദ് 5,026 വോട്ടുകൾ നേടി. ഹമദ് ഹമൂദ് അൽ ഹമ്മദ് 5,464 വോട്ടുകൾ നേടി. നാസർ അബ്ദുൽ അസീസ് അൽ അൻസാരി 5,000 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ സാദ് ഫദൽ അൽ ബുഐനൈൻ (4,864 വോട്ടുകൾ), നാസർ റാഷിദ് അൽ-ഹജ്‌രി (4,614), ഹമദ് മുഹമ്മദ് അൽ-ഖാലിദി (4,382), ഹമദ് മുഹമ്മദ് അൽ-ബോലി (4,168), മുഹമ്മദ് അബ്ദുൽ മുഹ്സിൻ അൽ-റഷീദ് (3,632) ഫഹദ് ബിൻ ഹസൽ അൽ മുതൈരി (1,722) എന്നിങ്ങനെയാണ് വോട്ടിംഗ് നില.
ഇലക്‌ട്രോണിക് വോട്ടിംഗ് സംവിധാനം വഴി നടന്ന, ഹിജ്റ 1443-1447 കാലയളവിൽ ഡയറക്ടർ ബോർഡിന്റെ 19-ാമത് സെഷനിലേക്ക് നടന്ന പോളിംഗിന്റെ ഫലങ്ങൾ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് നടന്ന ഒമ്പത് സീറ്റുകളിലേക്ക് 18 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായിരുന്നു, 16,000-ത്തിലധികം സ്ത്രീ-പുരുഷ വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ചേംബർ ഓഫ് കൊമേഴ്‌സ് നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ 20-ലെ നിയമ ലംഘനത്തിന് ഒരു സ്ഥാനാർത്ഥിയെ കമ്മിറ്റി അയോഗ്യനാക്കി. വാണിജ്യ മന്ത്രാലയം, പുതിയ ചേംബർ ഓഫ് കൊമേഴ്‌സ് നിയമത്തിനും അതിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾക്കും അനുസൃതമായി, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ചേംബർ ഓഫ് കൊമേഴ്‌സ്, ഇൻഡസ്‌ട്രി എന്നിവയുടെ ഡയറക്ടർ ബോർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കുന്നത് സുതാര്യത വർദ്ധിപ്പിക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ്.
