വിശ്വാസികൾ മുസ്‌ലിം വിരുദ്ധ അജണ്ടകളെ വിവേകത്തോടെ നേരിടണം: ഹംസ മൗലവി നെല്ലായ

ജിദ്ദ: സമൂഹത്തിൽ ഇന്ന് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് ദളിത് – മുസ്‌ലിം ന്യൂനപക്ഷ വിഭാഗമാണെന്നും അതിനെ നേരിടേണ്ടത് നിസ്സംഗമായ നിലപാട് സ്വീകരിച്ചുകൊണ്ടോ വൈകാരികമായ പ്രതി പ്രവർത്തനങ്ങളിലൂടെയോ അല്ല, മറിച്ച് ഇത്തരം സന്ദർഭങ്ങളിൽ പ്രവാചകൻ കൈകൊണ്ട പ്രായോഗികവും ബുദ്ധിപരവുമായ സമീപനത്തിലൂടെ യുമായിരിക്കണമെന്ന് മൗലവി ഹംസ നെല്ലായ പ്രസ്താവിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ വാരാന്ത്യ ഓൺലൈൻ ക്ലാസിൽ ”ഇസ്‌ലാം വിരുദ്ധതയും മുസ്‌ലിമിന്റെ നിലപാടും” എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം സമൂഹം അതിന്റെ ആരംഭകാലം മുതലേ പലവിധആക്രമണങ്ങൾ ക്കും പീഡനങ്ങൾക്കും വിധേയരായിട്ടുണ്ട്. നിങ്ങൾ ആക്രമണങ്ങൾക്ക് വിധേയരാകുമെന്ന് ഖുർആൻ നേരെത്തെ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. നാലുതരം വിഭാഗങ്ങളിൽ നിന്നാണ് മുസ്‌ലിം സമൂഹം പീഡനങ്ങൾ നേരിടുക: ഒന്ന് വർഗീയ ഫാസിസ്റ്റ് ശക്തികൾ ആണെങ്കിൽ രണ്ടാമത്തേത് നിരീശ്വര നിർമത പ്രസ്ഥാനത്തിന്റെ വ ക്താക്കളിൽ നിന്നുമാണ്. ക്രിസ്തുമതത്തിലെ അവാന്തര വിഭാഗങ്ങളും സ്വന്തം മതത്തിലെ മുസ്‌ലിം നാമധാരികളുമാണ് മറ്റു വിഭാഗക്കാർ എന്ന് അദ്ദേഹം വിശദീകരിച്ചു.

ഹാദിയ എന്ന പെൺകുട്ടി ഇസ്‌ലാം മതം സ്വീകരിച്ചപ്പോൾ അവർക്ക് സുപ്രീം കോടതി വരെ കയറേണ്ടി വന്നു. എന്നാൽ ഒരു മുസ്‌ലിം പെൺകുട്ടി ഒരു അമുസ്‌ലിം യുവാവിന്റെ കൂടെ ഒളിച്ചോടി വിവാഹിതരായ പ്പോൾ അത് നിയമത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പേരിൽ ന്യായീകരിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇവിടെയാണ് മുസ്‌ലിം വിരുദ്ധതയുടെ പ്രകടമായ സമീപനം നാം കണ്ടുകൊണ്ടിരിക്കുന്നത്. ഒളിച്ചോട്ടവും അതോടൊപ്പമുള്ള വിവാഹ വും ഇസ്‌ലാം ഒരിക്കലും അനുവദിക്കുകയോ സാധൂകരിക്കുകയോ ചെയ്യില്ല. അത്തരത്തിലുള്ള വിവാഹങ്ങൾ ഇസ്‌ലാമിൽ നിന്നും പുറത്താണ്. രക്ഷിതാക്കൾ കൂടുതൽ ജാഗ്രത കൈക്കൊള്ളുകയാണ് ഇതിന് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹം നേരിടുന്ന മറ്റൊരു ഭീഷണിയാണ് പള്ളികളുടെയും വഖഫ് സ്വത്തിന്റെയും സംരക്ഷണ ച്ചുമതല. ഇവിടെയും ന്യൂനപക്ഷം അപരവൽക്കരിക്കപ്പെടുന്നു. ഇതിനെ പ്രതിരോധിക്കുകയും മുസ്‌ലിം സമൂഹത്തെ അനുകൂലിക്കുകയും ചെയ്യുന്ന സമാന ചിന്താഗതിക്കാരായ രാഷ്ട്രീയക്കാരുമായി ഒത്തുചേർന്ന് ഇതിനെ ശക്തമായി നേരിടുകയും അവകാശങ്ങൾ നേടിയെടുക്കുവാനുമാണ് മുസ്‌ലിം നേതൃത്വം ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ യൂനി ഫോമിന്റെ പേരിലുള്ള വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇവിടെയും പ്രകടമാവുന്നത് മുസ്‌ലിം വിരുദ്ധത തന്നെയാണ്. മറ്റു സമുദായങ്ങളെ ഇത് ബാധി ക്കുന്നില്ല. ഇസ്‌ലാമിൽ സ്ത്രീ പുരുഷന്റെ വേഷം ധരിക്കുന്നതും പുരുഷൻ സ്ത്രീയുടെ വേഷം ധരിക്കുന്നതും വിരോധിച്ച കാര്യമാണ്. എന്നാൽ ഇത്തരം അനിസ്‌ലാമികതക്ക്‌ അനുവാദം നൽകുന്ന മുസ്‌ലിം രക്ഷിതാക്കളും ഒരു പരിധിവരെ ഇതിനുത്തരവാദികളാണ്. സമൂഹത്തിൽ ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും ബോധവൽക്കരണവും ഇനിയും തുടരേണ്ടതുണ്ട്. മുസ്‌ലിം സമൂഹത്തിനു നേരെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും മതം അനുശാസിച്ച ശക്തമായ ആയുധമായ ക്ഷമ കൊണ്ടും വിവേകപൂർണമായ തീരുമാനങ്ങൾ കൈക്കൊണ്ടുമാണ് നേരിടേണ്ടത് എന്ന് ഹംസ മൗലവി സദസ്യരെ ഉൽബോധിപ്പിച്ചു.

പരിപാടിയിൽ ഇസ്‌ലാഹി സെന്റർ സെക്രട്ടറി ശിഹാബ് സലഫി എടക്കര സ്വാഗതമാശംസിച്ചു. അബ്ബാസ് ചെമ്പൻ നന്ദിയും പറഞ്ഞു