കൊറോണകാലത്തിനു ശേഷം കേരളത്തിൽ നിന്നും മക്കയിലെത്തിയ ആദ്യ ഉംറ സംഘത്തിനു മക്കാ കെ എം സി സി സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകുന്നു
മക്ക: കൊവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യയിൽ നിന്നുള്ള ഉംറ തീർത്ഥാടനം വീണ്ടും തുടങ്ങിയതിനു ശേഷമുള്ള വനിതകൾ ഉൾപ്പെടുന്ന ആദ്യ സംഘം മക്കയിലെത്തി. കൊവിഡിനെ തുടർന്ന് വിമാന സർവ്വീസുകൾക്ക് നിയന്ത്രണം വരികയും വിദേശ ഉംറ തീർത്ഥാടകരെ സഊദി അറേബ്യ വിലക്കുകയും ചെയ്തതോടെ കേരളത്തിൽ നിന്നുള്ള ഉംറ തീർത്ഥാടനവും പൂർണ്ണമായും നിലച്ചിരുന്നു. തുടർന്ന് ഇപ്പോഴാണ് വീണ്ടും വനിതകൾ ഉൾപ്പെടെയുള്ള സംഘം പുണ്യ ഭൂമിയിൽ എത്തിതുടങ്ങിയത്. രണ്ട് വർഷങ്ങൾക്കു ശേഷം കേരളത്തിൽ നിന്ന് മക്കയിലെത്തിയ ആദ്യ ഉംറ സംഘത്തിനു മക്കയിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
നേരത്തെ, ഏതാനും ആഴ്ചകൾക്ക് മുമ്പ് തന്നെ മലയാളി ഉംറ സംഘം മക്കയിൽ എത്തിയിരുന്നു. വളരെ തുച്ഛമായ പുരുഷ സംഘമാണ് എത്തിയിരുന്നത്. ഇപ്പോഴാണ് വിനിതകൾ ഉൾപ്പെടെയുള്ള മലയാളി സംഘം എത്തിതുടങ്ങുന്നത്. കൊറോണ വ്യാപനം മൂലം നേരത്തെ ഇന്ത്യയിൽ നിന്ന് ഉംറ വിസകൾ ഇഷ്യു ചെയ്യൽ നിർത്തി വെച്ചിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നുള്ളവർക്കും ഉംറ വിസകൾ കഴിഞ്ഞ മാസം മുതൽ ഇഷ്യു ചെയ്യാൻ തുടങ്ങിയിരുന്നത്.
കഴിഞ്ഞ അഞ്ചാംതിയ്യതി അൽ ഹിന്ദ് ട്രാവൽസിന്റെ കീഴിൽ മദീനയിലിറങ്ങിയ ഉംറ സംഘം അഞ്ചു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാണ് പത്താം തിയ്യതി രാത്രിയോടെ മക്കയിലെ താമസ സ്ഥലമായ ജിയാദ് സ്ട്രീറ്റിലെ അൽ ബലദ് അൽ ത്വയ്യിബ് ഹോട്ടലിൽ എത്തിയത്. മഹാ മാരി പ്രതിസന്ധിക്ക് ശേഷം അഷ്‌റഫ് മൗലവി വയനാടിന്റെ നേതൃത്വത്തിൽ മക്കയിലെത്തിയ ആദ്യ ഉംറ സംഘത്തിന് മക്കാ കെഎംസിസി സെൻട്രൽ കമ്മറ്റി ആവേശകരമായ സ്വീകരണം നൽകി
മക്കാ കെ എം സി സി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ, സുലൈമാൻ മാളിയേക്കൽ, നാസർ കിൻസാറ, മുസ്തഫ മുഞ്ഞക്കുളം, ഹാരിസ് പെരുവള്ളൂർ, എം സി നാസർ വിളയിൽ തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.
ഇന്ത്യയിൽ നിന്ന് 12 വയസ്സ് കഴിഞ്ഞ എല്ലാവർക്ക് നിബന്ധനകളോടെ ഉംറ ഇപ്പോൾ നിർവ്വഹിക്കാം. സഊദി അംഗീകൃത വാക്സിനുകൾ സ്വീകരിച്ചവർക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് ഉംറ വിസയിൽ സഊദിയിലെത്തി ക്വാറൻ്റീൻ ഇല്ലാതെത്തന്നെ ഉംറ നിർവ്വഹിക്കാനാകും. അത് കൊണ്ട് തന്നെ ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഇത് ഏറെ ഗുണം ചെയ്യും. സഊദിയിൽ നിന്നോ മറ്റേതെങ്കിലും രാജ്യങ്ങളിൽ നിന്നോ, ഫൈസർ, മൊഡേർണ, ആസ്ട്ര സെനക്ക (കൊവിഷീൽഡ്) എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ രണ്ട് ഡോസോ, ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ ഒരു ഡോസോ എടുത്തവർക്കും ഉംറക്കെത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ല
എന്നാൽ, സഊദി അറേബ്യ ഭാഗികമായി അംഗീകരിച്ച ഇന്ത്യയുടെ കൊവാക്സിനെടുത്തവർക്ക് മൂന്ന് ദിവസ ക്വാറന്റൈനോടെ ഉംറക്കെത്താനാകും. ഇത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്. നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ ബാധകമായവർക്ക് മദീനയിലാണു സൗകര്യം ഒരുങ്ങിയിട്ടുള്ളത്.
കൊവാക്സിനെ കൂടാതെ, സ്പുട്നിക്, സിനോഫാം, സിനോവാക് എന്നീ വാക്സിനുകൾക്കാണ് സഊദി ആരോഗ്യ മന്ത്രാലയം ഭാഗിക അംഗീകാരം നൽകിയത്. ഇതിൽ സ്പുട്നിക് എടുത്തവർക്ക് ജനുവരി 1 മുതലും മറ്റു മൂന്ന് വാക്സിനുകളെടുത്തവർക്ക് ഡിസംബർ 1 മുതലും 3 ദിവസത്തെ ക്വാറൻ്റീനോട് കൂടി പ്രവേശനം അനുവദിക്കപ്പെട്ടിട്ടുണ്ട്.
ഉംറ, ഹജ്ജ് സന്ദർശനങ്ങൾക്കായി കൊവാക്സിൻ ഉൾപ്പെടെ 4 വാക്സിനുകൾ സഊദി അറേബ്യ അംഗീകാരം നൽകി, പ്രവാസികൾക്ക് ആശ്വാസം