നാട്ടിൽ കുടുങ്ങിയവർക്ക് ആശ്വാസമായി തവണകളായുള്ള ഇഖാമ പുതുക്കൽ, ഗാർഹിക തൊഴിലാളികൾക്ക് ബാധകമാകില്ലെന്ന് ജവാസാത്ത്

0
3510

റിയാദ്: ഗാർഹിക തൊഴിലാളികൾക്കും മറ്റും തവണകളായുള്ള ഇഖാമ സേവനം ബാധകമല്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കി.
അബ്‌ഷിർ പ്ലാറ്റ്‌ഫോമിൽ ഗാർഹിക തൊഴിലാളികൾക്ക് ഇഖാമ നൽകാൻ ഒരു വർഷത്തിൽ താഴെ സമയപരിധി ഇല്ലാത്തതിന്റെ കാരണങ്ങളെക്കുറിച്ച് ലഭിച്ച ചോദ്യത്തിന് മറുപടിയായാണ് ജവാസാത് ഇക്കാര്യം അറിയിച്ചത്.

ഗാർഹിക തൊഴിലാളികളും മറ്റും ഒഴികെ, വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട റസിഡൻസ് പെർമിറ്റുകൾ കുറഞ്ഞത് ത്രൈമാസ അടിസ്ഥാനത്തിൽ നൽകാനും പുതുക്കാനും സാധിക്കും. കൂടാതെ വർക്ക് പെർമിറ്റിന്റെ തുക, റസിഡൻസ് പെർമിറ്റ്, ലെവി എന്നിവ തിരഞ്ഞെടുക്കുന്ന ദൈർഘ്യമനുസരിച്ച് വിഭജിച്ചാണ് പണം അടക്കേണ്ടത്. വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട ഇഖാമകൾ 3,6,9,12 എന്നിങ്ങനെ പുതുക്കാൻ സാധിക്കുന്നുണ്ട്. ഇത്‌ നിരവധി പേരാണ് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്.

അതേസമയം, നാട്ടിൽ കുടുങ്ങിയ പ്രവാസികളും ഇത്‌ ഉപയോഗപ്പെടുത്തി തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഇത്‌ ഏറെ ആശ്വാസമാണ്. കാലാവധി കഴിഞ്ഞ ഇഖാമയും റീ എൻട്രിയും ജനുവരി 31 വരെ സൗജന്യമായി പുതുക്കി നൽകാൻ ഉത്തരവുണ്ടെങ്കിലും ഇനിയും ലഭിക്കാത്തവർക്കും ഉടൻ തിരിച്ചു വരേണ്ടവർക്കും കുറഞ്ഞ തുക നൽകി കുറഞ്ഞ മാസത്തേക്ക് പുതുക്കി സഊദിയിലേക്ക് തിരിച്ചെത്താൻ ഇത്‌ വൻ ആശ്വാസമാണ് നൽകുന്നത്.