റിയാദ്: സഊദിയിലെ പ്രമുഖ ബാങ്കുകളായിരുന്ന സാംബ, എൻ.സി.ബി ബാങ്കുകളുടെ ലയന നടപടികൾ പൂർത്തിയായി. പുതുതായി നിലവിൽ വന്ന സഊദി നാഷണൽ ബാങ്കിന് കീഴിലാണ് സാംബ, എൻ.സി.ബി ബാങ്കുകൾ ലയിച്ചത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി സഊദി നാഷണൽ ബാങ്ക് (എസ്എൻബി) മാറി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ലയനത്തിന്റെ ഭാഗമായി പുതിയ ബാങ്ക് സഊദി നാഷണൽ ബാങ്ക് നിലവിൽ വന്നത്. ഇതിലേക്കാണ് രാജ്യത്തെ മുൻ നിര ബാങ്കുകളായിരുന്ന സാംബയും അൽ അഹ്ലി അഥവ നാഷണൽ കൊമേർഷ്യൽ ബാങ്ക് (എൻസിബി) ഉം തമ്മിൽ ലയിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ജനുവരി ആറോട് കൂടി ഇരു ബാങ്കുകളുടെയും ലയന നടപടികൾ പൂർത്തിയായതായി സമിതി അറിയിച്ചു.
ലയനത്തോടനുബന്ധിച്ച് ഇരു ബാങ്കുകളിലെയും കോർപ്പറേറ്റ്, വ്യക്തിഗത അകൗണ്ടുകൾ ബ്രാഞ്ചുകൾ എന്നിവ പുതിയ ബാങ്കിനു കീഴിൽ ലയിപ്പിച്ചു. ഒന്നേ ദശാംശം നാല് ദശലക്ഷം വ്യക്തിഗത അകൗണ്ടുകൾ, പതിനൊന്നായിരം കോർപ്പറേറ്റ് അകൗണ്ടുകൾ എന്നിവ പുതുതായി അനുവദിച്ചതായി ബാങ്ക് അധികൃതർ വ്യക്തമാക്കി. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി ഊദി നാഷണൽ ബാങ്ക് (എസ്എൻബി) മാറിയതോടൊപ്പം ജി.സി.സിയിലെ മുൻ നിര ബാങ്കുകളുടെ പട്ടികയിലും സഊദി നാഷണൽ ബാങ്ക് ഇടം നേടി.

നാഷണൽ കൊമേഴ്‌സ്യൽ ബാങ്ക് (എൻസിബി) സഊദി അറേബ്യയിൽ ഔദ്യോഗികമായി ലൈസൻസ് ലഭിച്ച് പ്രവർത്തിക്കുന്ന ഏറ്റവും വലുതും ആദ്യത്തെതുമായ ബാങ്കായാണ് കണക്കാക്കപ്പെട്ടിരുന്നത്. 1996-ൽ ബാങ്ക് അതിന്റെ ശരിഅത്ത് ബോർഡ് സ്ഥാപിച്ചു. പിന്നീട് 1997-ൽ ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനിയായി. 1999-ൽ, പൊതു നിക്ഷേപ ഫണ്ട് പ്രതിനിധീകരിക്കുന്ന സഊദി ഗവൺമെന്റ് ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി. ബാക്കിയുള്ള ഓഹരികൾ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെയും നിരവധി സഊദി നിക്ഷേപകരുടെയും ഉടമസ്ഥതയിലായിരുന്നു. 68 വർഷത്തെ പാരമ്പര്യത്തിനിടയിൽ 7.4 ദശലക്ഷത്തിലധികം ഉപഭോക്താക്കളുമായി ഒരു മുൻനിര ബാങ്കായി എൻസിബി ക്ക് മാറാൻ കഴിഞ്ഞിരുന്നു.
രാജ്യത്തെ തന്നെ മറ്റൊരു പ്രമുഖ ബാങ്കിംഗ്, ധനകാര്യ സ്ഥാപനമായ സാംബ ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ ആദ്യ ശാഖ 1955-ൽ സിറ്റി ബാങ്ക് എന്ന പേരിൽ സ്ഥാപിതമായി. 1980-ലെ രാജ കൽപ്പനയിലൂടെ സിറ്റി ബാങ്ക് സഊദി അമേരിക്കൻ ബാങ്കായി മാറിയെങ്കിലും ഭൂരിഭാഗം ഓഹരി പങ്കാളിത്തവും സഊദിയുടെ ഉടമസ്ഥതയിലായിരുന്നു. 1999-ൽ സാംബ യുണൈറ്റഡ് സഊദി ബാങ്കുമായി ലയിച്ച് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി മാറി. 2003 ൽ ഔദ്യോഗികമായി സാംബ ഫിനാൻഷ്യൽ ഗ്രൂപ്പ് അല്ലെങ്കിൽ സാംബ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.
നാഷണൽ കൊമേഴ്‌സ്യൽ ബാങ്കും സാംബ ഫിനാൻഷ്യൽ ഗ്രൂപ്പും തമ്മിലുള്ള ലയനത്തിന് ഭാഗമായി 2021 ഏപ്രിൽ 1 നാണ് പുതിയ ബാങ്ക് ആയ സഊദി നാഷണൽ ബാങ്ക് നിലവിൽ വന്നത്. തലസ്ഥാന നഗരമായ റിയാദിലാണ് സഊദി നാഷണൽ ബാങ്കിന്റെ പുതിയ ആസ്ഥാനം.