പ്രവാസികൾക്ക് ഏർപ്പെടുത്തിയ ക്വാറന്റൈൻ പിൻവലിക്കണം: മാറാക്കര ഗ്ലോബൽ കെഎംസിസി

ജിദ്ദ: നാട്ടിൽ വരുന്ന പ്രവാസികൾക്ക് കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ഏർപ്പെടുത്തിയ ഏഴു ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഉടനെ പിൻവലിക്കണമെന്ന് മാറാക്കര ഗ്ലോബൽ കെഎംസിസി ആവശ്യപ്പെട്ടു. നിലവിൽ ഗൾഫിൽ നിന്നും വരുന്നവർ മൂന്ന് ഡോസ് വാക്‌സിൻ എടുത്തവരും വിമാനം കയറും മുമ്പ് കൊവിഡ് ടെസ്റ്റ്‌ നടത്തി നെഗറ്റീവ് റിസൾട്ട്‌ എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരുമാണ്. എന്നിട്ടും പ്രവാസികൾക്ക് മേൽ ഒരാഴ്ച ക്വാറന്റൈൻ ഏർപ്പെടുത്തിയത് ഒട്ടും നീതീകരിക്കാൻ കഴിയാത്തതാണ്. അതേ സമയം, മന്ത്രിമാർ അടക്കമുള്ളവർ കൊവിഡ് മാനദണ്ഡം ലംഘിച്ച് ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുന്നത് വിചിത്രമാണ്. നാടിന്റെ സമ്പദ് ഘടനയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികളെ ദ്രോഹിക്കുന്ന നയം കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തിരുത്തണമെന്നും പ്രവാസികൾക്ക് ഏർപ്പെടുത്തിയ ക്വാറന്റൈൻ ഉടനെ പിൻവലിക്കണമെന്നും മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ്‌ ബഷീർ കുഞ്ഞു കാടാമ്പുഴ, വർക്കിങ് പ്രസിഡന്റ്‌ പി. വി ശരീഫ് കരേക്കാട്, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.