റിയാദ്: സഊദിയിൽ റെസ്റ്റോറന്റുകളുടെയും കഫേകളുടെയും പ്രോട്ടോക്കോളുകൾ പരിഷ്കരിച്ചു. പബ്ലിക് ഹെൽത്ത് അതോറിറ്റി “വിഖായ” പുറപ്പെടുവിച്ച പരിഷകരണം മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം പുറത്തിറക്കി. പുതിയ അപ്ഡേഷൻ പ്രകാരം ഒരു ടേബിളിൽ പരമാവധി ഇരിക്കാവുന്ന ആളുകളുടെ പരിധി ഒഴിവാക്കിയിട്ടുണ്ട്.
ടേബിളുകൾക്കിടയിലുള്ള ദൂരം 3 മീറ്റർ അകലത്തിൽ ആയിരിക്കണം ക്രമീകരിക്കേണ്ടത്. ഇതിന് സാധിക്കാത്ത പക്ഷം റെസ്റ്റോറന്റുകൾക്കകത്ത് ഭക്ഷണ വിതരണം പാടില്ല. പാർസൽ സർവ്വീസ് മാത്രമേ അനുവദിക്കൂ. കസ്റ്റമേഴ്‌സ് ഓട്ടോമേറ്റഡ് വെരിഫിക്കേഷൻ പെർമിറ്റുകൾക്കായുള്ള കോഡ് സ്‌കാൻ ചെയ്യുന്നത് ഉറപ്പാക്കാൻ പ്രവേശന കവാടങ്ങളിൽ പരിശോധകരെ നിയമിക്കുക, കോഡ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് സന്ദർശകർ അവരുടെ ആരോഗ്യനില കാണിക്കണം. ജീവനക്കാർ എപ്പോഴും മാസ്ക്കുകൾ ധരിക്കണം, ഓപ്പൺ ബുഫെ ഏരിയയിൽ ക്ഷണിക്കപ്പെട്ടവർക്ക് ഭക്ഷണം വിളമ്പാൻ ഒരു ഉദ്യോഗസ്ഥനെ നിയമിക്കണം, ഭക്ഷണം തയ്യാറാക്കുന്ന മേഖലയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, തൊഴിലാളികൾ ഒരുമിച്ച് കൂടുന്നത് തടയുക, സാമൂഹിക അകലം പാലിക്കുക, തുടങ്ങിയവയും പാലിക്കണം.