റിയാദ്: സമ്പൂർണ്ണ സാക്ഷരതയെന്ന മഹത്തായ ലക്ഷ്യത്തിനരികെ സഊദി അറേബ്യ. രാജ്യത്തെ നിരക്ഷരതാ നിരക്ക് നിലവിൽ 3.7% ആയി കുറഞ്ഞതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2019-ൽ ഇത് 5.6% ആയിരുന്നു. ദേശീയ പരിവർത്തന പദ്ധതിയായ ‘വിഷൻ 2030’ന്‍റെ ഭാഗമായി നടപ്പാക്കിയ സമാന്തര വിദ്യാഭ്യാസ പദ്ധതികളിലൂടെ സമ്പൂർണ സാക്ഷരത ദൗത്യം വിജയത്തിന് അടുത്തെത്തുകയാണ്.
സാക്ഷരതാ യജ്ഞത്തിനായി മന്ത്രാലയം പ്രത്യേക പദ്ധതികളും നടപ്പാക്കിയിരുന്നു. 90,000-ത്തിലധികം പഠിതാക്കൾക്ക് പ്രയോജനം ലഭിച്ച അയൽപക്ക കേന്ദ്രങ്ങളിൽ 1,314 വിദൂര സാക്ഷരതാ പരിശീലന പരിപാടികൾ മന്ത്രാലയം നടപ്പാക്കി. കൂടാതെ, മന്ത്രാലയം മദ്രസതി പ്ലാറ്റ്‌ഫോമിലൂടെ വിദ്യാഭ്യാസ പഠനങ്ങൾ നൽകുകയും ഐ ഇ എൻ എന്ന വിദ്യാഭ്യാസ ചാനലുകൾ വഴി പാഠങ്ങൾ പ്രസിദ്ധീകരിച്ചും പഠനം നൽകുന്നുണ്ട്. നിരക്ഷരത തുടച്ചുനീക്കുന്നതിനുള്ള വേനൽക്കാല കാംപയിനുകളും വിദൂര ബോധവൽക്കരണ കാംപയിനുകളും മന്ത്രാലയം നടപ്പിലാക്കി. ഗ്രാമങ്ങളിലും മുതിർന്നവരിലുമുള്ള നിരവധി ഗുണഭോക്താക്കളെ ലക്ഷ്യമാക്കിയാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്.
അറബ് ഓർഗനൈസേഷൻ ഫോർ എജ്യുക്കേഷൻ, കൾച്ചർ ആൻഡ് സയൻസ് (അലെസ്കോ) അംഗീകരിച്ച്, എല്ലാ വർഷവും ജനുവരി 8 ന് അറബ് സാക്ഷരതാ ദിനാചരണമായി നടപ്പാക്കി വരികയാണ്.
സഊദി വിഷൻ 2030 ലക്ഷ്യമാക്കുന്ന സുസ്ഥിര വികസനത്തിനും ആജീവനാന്ത പഠനത്തിനുമുള്ള അഭിലാഷങ്ങൾ കൈവരിക്കുന്നതും ലക്ഷ്യമാക്കി 2021-2022 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ, മുതിർന്നവരുടെ സ്വഭാവസവിശേഷതകൾക്ക് അനുയോജ്യമായതും തൊഴിൽ വിപണിയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസ പരിശീലന പരിപാടികൾ മന്ത്രാലയം നൽകിയിരുന്നു.
നിലവിലെ വൈറസിന്റെ അസാധാരണമായ സാഹചര്യങ്ങൾക്കിടയിലും കഴിഞ്ഞ വർഷം തുടർവിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടെയും മേഖലകളിൽ മന്ത്രാലയം മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. മൂന്ന് സെമസ്റ്റർ സമ്പ്രദായത്തിന് അനുസൃതമായി എല്ലാ ഘട്ടങ്ങളിലേക്കും വിദ്യാഭ്യാസ പാഠ്യപദ്ധതി തുടരുന്നതിനുള്ള പഠന പദ്ധതികൾ മന്ത്രാലയം വികസിപ്പിച്ചെടുത്തിട്ടുണ്ട്.