വരും ദിവസങ്ങളിൽ വൈറസ് കേസുകൾ വർധിക്കും, വ്യാപനത്തിന് കാരണം ഒമിക്രോൺ, പ്രതിരോധിക്കാൻ മുൻകരുതൽ നടപടികൾ ശക്തമാക്കണം, നാലാമത്തെ ഡോസിന്റെ കാര്യവും വിശദീകരിച്ച് സഊദി ആരോഗ്യ മന്ത്രാലയം

0
3968

റിയാദ്: വരും ദിവസങ്ങളിൽ രാജ്യത്ത് വൈറസ് കേസുകൾ വർധിക്കുമെന്ന മുന്നറിയിപ്പുമായി സഊദി ആരോഗ്യ മന്ത്രാലയം. ഇതിനെ പ്രതിരോധിക്കാൻ മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദുൽ ആലി പറഞ്ഞു. റിയാദിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒമിക്‌റോൺ” വകഭേദത്തിന്റെ വ്യാപനത്തിന്റെ വേഗത കാരണം മുൻ തരംഗങ്ങളെ അപേക്ഷിച്ച് ഇപ്പോൾ അതിവേഗമാണ് വ്യാപനം. കഴിഞ്ഞ അഞ്ച് ദിവസമായി വൈറസ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരും കാലയളവിൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കും, എന്നാൽ മുൻകരുതലും പ്രതിരോധ നടപടികളും പാലിച്ചാൽ വ്യാപനം കുറയാനിടയുണ്ടെന്നും കൊറോണ സംഭവവികാസങ്ങളെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു,

വാക്സിനുകളുടെ നാലാമത്തെ ഡോസ് നൽകാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന്, “ഒമിക്രോൺ” വകഭേദത്തെ പ്രതിരോധിക്കാൻ കഴിവുള്ള പ്രതിരോധശേഷി സൃഷ്ടിക്കാൻ നിലവിൽ ശുപാർശ ചെയ്യുന്ന ബൂസ്റ്റർ ഡോസ് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾക്ക് അതിന്റെ മൂല്യവും ആരോഗ്യ ഗുണവും ഉറപ്പാക്കുന്നത് വരെ അധിക ഡോസുകളൊന്നും മന്ത്രാലയം ശുപാർശ ചെയ്യില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

മഹാമാരിയുടെ നിലവിലെ ഘട്ടങ്ങളിൽ ഈ ഡോസിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഗർഭിണികൾ വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ശുപാർശ ചെയ്തു.