റിയാദ്: സഊദിയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 6 പ്രതികൾക്കെതിരെ ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ വെളിപ്പെടുത്തി. പ്രതികൾക്കെതിരെ 31 വർഷം തടവും 152 ദശലക്ഷത്തിലധികം റിയാൽ പിഴയുമാണ് വിധിച്ചത്. പ്രതികൾ വിദേശത്തേക്ക് കടത്തിയ അനധികൃത പണത്തിനു സമാനമായ തുകയാണ് പിഴ വിധിച്ചത്.
തടവിന് സമാനമായ കാലയളവിൽ സ്വദേശികളായ പ്രതികൾക്ക് വിദേശ യാത്ര വിലക്കുകയും വിദേശികളായ പ്രതികൾക്ക് ജയിൽ ശിക്ഷ അവസാനിച്ചതിന് ശേഷം നാട് കടത്താനും വിധിയുണ്ട്.
രണ്ട് വാണിജ്യ സ്ഥാപനങ്ങളുടെയും നിരവധി വ്യാജ സ്ഥാപനങ്ങളുടെയും പേരിലാണ് പണം അയച്ചിരുന്നത്. സഊദി പൗരന്മാരുടെ പേരിലുള്ള ബാങ്ക് അകൗണ്ടുകൾ വഴി പ്രതിമാസം 10,000 റിയാൽ ഉപഹാരമായി നൽകി പണം വിദേശത്തേക്ക് അയക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 2 അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങൾ ഒരു ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്.
വാണിജ്യ മന്ത്രാലയം, സകാത്ത്, നികുതി, കസ്റ്റംസ് എന്നിവയുടെ ജനറൽ അതോറിറ്റി, സഊദി സെൻട്രൽ ബാങ്ക് എന്നിവയെ പ്രതിനിധീകരിക്കുന്ന പബ്ലിക് പ്രോസിക്യൂഷനും നിയന്ത്രണ, അനുമാന അധികാരികളും തമ്മിലുള്ള യോജിച്ച ശ്രമങ്ങളും ഏകോപനവുമാണ് പണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം ശ്രമങ്ങൾ നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷകൾ നൽകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.




