ഒമിക്രോൺ: നാലാം ഡോസിന് അംഗീകാരം നൽകി ബഹ്‌റൈൻ

നാലാം ഡോസ് നൽകുമെന്ന് ഇസ്രാഈലും പ്രഖ്യാപിച്ചിട്ടുണ്ട്

0
3625

മനാമ: മുമ്പ് കണ്ടിട്ടില്ലാത്ത വേഗതയിൽ ലോകം കീഴടക്കുന്ന പുതിയ ഒമിക്‌റോൺ വകഭേദത്തിന്റെ വ്യാപനം തടയുന്നതിനായി നാലാം ഡോസ് വാക്സിൻ നൽകാൻ അംഗീകാരം നൽകി ബഹ്‌റൈൻ. മൂന്ന് ഡോസ് സിനോഫാം സ്വീകരിച്ച ആളുകൾക്ക് നാലാമത്തെ വാക്‌സിൻ ഡോസ് നൽകുമെന്ന് ബഹ്‌റൈൻ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സിനോഫാമിന്റെ ആദ്യത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തിന് ശേഷമാണ് 18 വയസ് മുതലുള്ളവർക്ക് നാലാം ഡോസ് നൽകുക. രണ്ടാമത്തെ ബൂസ്റ്റർ ഡോസായി ഫൈസർ ബയോൺ ടെക്, സിനോഫം ജാബുകൾ ആണ് നൽകുക.

മഹാമാരിക്കെതിരെ പോരാടുന്നതിനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് പുതിയ നാലാം ഡോസ് തീരുമാനത്തിന് അംഗീകാരം നൽകിയിട്ടുണ്ട്. നാലാമത്തെ ഡോസ് അഥവാ രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യരായ എല്ലാവരും കാലതാമസം കൂടാതെ നേരിട്ട് ഏതെങ്കിലും ആരോഗ്യ കേന്ദ്രത്തിലേക്ക് പോകണമെന്ന് നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് ആവശ്യപ്പെട്ടു. നാലാമത്തെ ഡോസ് സ്വീകരിക്കുന്നതിന് മുൻകൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ല.

60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും നാലാമത്തെ ഡോസ് കൊവിഡ് വാക്സിൻ നൽകുമെന്ന ഇസ്രാഈൽ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബഹ്‌റൈന്റെ നീക്കം.