വർഗീയ ധ്രുവീകരണ ശക്തികളുടെ ഒളിയാജണ്ടകളെ കരുതിയിരിക്കുക: ഇസ്‌ലാഹി സെന്റർ കാമ്പയിൻ സംഗമം

ജിദ്ദ: “മതം വിദ്വേഷമല്ല വിവേകമാണ്” എന്ന പ്രമേയത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ സഊദി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ചുവരുന്ന ത്രൈമാസ കാമ്പയിനിൻ്റെ ഭാഗമായി ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ഓഫ്‌ലൈൻ സംഗമം ജംഇയ്യത്തുൽ ഖൈരിയ്യ ജിദ്ദ ഏരിയാ മേധാവിയും ജിദ്ദയിലെ മാലി ദ്വീപ് ഹോണററി കോൺസുലുമായ ശൈഖ് അബ്ദുൽ അസീസ് ഹനഫി ഉദ്ഘാടനം ചെയ്തു.സമൂഹത്തിന്റെ നാനോന്മുഖമായ പുരോഗതി മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന ഇസ്‌ലാഹി സെൻ്റർ മറ്റുള്ളവർക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇസ്‌ലാഹി സെൻ്റർ മുൻ പ്രസിഡണ്ട് അബൂബക്കർ ഫാറൂഖി ആശംസകളർപ്പിച്ചു. മതം ഗുണകാംക്ഷയാണെന്നും അത് സകലതിനോടും പ്രകടമാകുമ്പോൾ മനസ്സുകൾ തമ്മിലുള്ള അകലം കുറയുകയും പരസ്പര വിദ്വേഷം ഇല്ലാതാവുകയും ചെയ്യുമെന്ന് ഫാറൂഖി പറഞ്ഞു.

മതനിരപേക്ഷത എന്നത് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ചേർക്കപ്പെട്ടത് ഇന്ത്യയിൽ അത്തരമൊരു സാമൂഹിക സാഹചര്യം നിലവിൽ വരാനും മതത്തിന്റെ അതിർവരമ്പുകളില്ലാതെ മനുഷ്യന് ഒന്നിച്ചു ജീവിക്കാനുള്ള സാഹചര്യമുണ്ടായിത്തീരണം എന്നതിനാലുമാണ്. രക്തസാക്ഷികളെയും ബലിദാനികളും സൃഷ്ടിക്കാനല്ല.
സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യമാണ് ഉണ്ടാവേണ്ടത്. അതിന് വൈയക്തിക തലം തൊട്ടുള്ള പരിശ്രമങ്ങൾ ഉണ്ടാവണം. മതം മുന്നിൽ വെക്കുന്ന മൂല്യങ്ങൾ ജീവിതത്തിലേക്ക് പരിവർത്തിപ്പിച്ചാലാണ് അതിനു സാധിക്കുക. രക്തസാക്ഷികളെ സൃഷ്ടിക്കാൻ ഒരു മതവും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് നിർത്തിക്കൊണ്ടുള്ള പ്രചാരണങ്ങളും തെറ്റിദ്ധാരണകളും മാറാന്‍ ഈ കാമ്പയിൻ സഹചര്യമൊരുക്കട്ടെ എന്നും ചടങ്ങിൽ ആശംസകളർപ്പിച്ച ഒ.ഐ.സി.സി പ്രതിനിധി കെ ടി മുനീർ, കെ.എം.സി.സി പ്രതിനിധി അഹമ്മദ് പാളയാട്ട്, നവോദയ പ്രതിനിധി ഷിബു തിരുവനന്തപുരം, കെ.ഐ.ജി പ്രതിനിധി സി. എച്ച് ബഷീർ എന്നിവർ അഭിപ്രായപ്പെട്ടു.

ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുമടക്കം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഇസ്‌ലാമിനെതിരിൽ ഉന്നയിക്കാനുള്ള ശ്രമങ്ങളെ കേരളത്തിന്റെ പൊതുബോധം തള്ളിക്കളഞ്ഞത് കേരളത്തിന്റെ ഇനിയും നന്മ വറ്റാത്ത വലിയൊരു വിഭാഗത്തിന്റെ ശേഷിപ്പാണ് കാണിക്കുന്നതെന്ന് ശിഹാബ് സലഫി അഭിപ്രായപ്പെട്ടു.
മതം വിദ്വേഷമല്ല വിവേകമാണ് എന്ന പ്രമേയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഴകിയ ആരോപണങ്ങൾ ഫലിക്കാതെ വന്നപ്പോൾ പുതിയ ജെൻഡർ ന്യൂട്രലുമായി കടന്നു വന്നിരിക്കുകയാണ് ഇപ്പോൾ. ആണിനും പെണ്ണിനും ഒരേ വസ്ത്രം എന്ന് പറഞ്ഞ് ലിംഗസമത്വ വാദവുമായി കടന്നുവരുന്നവർ യഥാർത്ഥത്തിൽ ഒരു ജെൻഡർ പൊളിറ്റിക്സ് നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ആൺ – പെൺ സ്വത്വം തിരിച്ചറിയപ്പെടാതെ മക്കളെ വളർത്തി വലുതാക്കണമെന്നും കൗമാരത്തിലെത്തുമ്പോൾ ലൈംഗികതക്ക് അവർക്കിഷ്ടമുള്ള മാർഗ്ഗങ്ങളും രീതികളും സ്വീകരിക്കട്ടെയെന്നും അതിനായി ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെ എല്ലാവർക്കും ഉപയോഗിക്കാവുന്ന ശൗച്യാലയങ്ങളും ഒന്നിച്ച് താമസിക്കുന്ന ഹോസ്റ്റലുകളും കൊണ്ടുവരണമെന്നാണ് ജെൻഡർ പൊളിറ്റിക്സുകാരുടെ വാദം. ഇത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്നും പൊതുസമൂഹം ഇതിനെതിരെ ഒന്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉണർത്തി.

ആലപ്പുഴയിലെ കൊലപാതങ്ങൾ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സ്വയം ബലിദാനികളാകുവാനോ അന്യന്റെ ജീവൻ ഹനിക്കുവാനോ ഒരു മതവും അനുവാദം നൽകുന്നില്ല. ഇസ്‌ലാമിൽ പ്രതികാരമില്ല പ്രതിക്രിയ മാത്ര മാണുള്ളത്. അത് വ്യക്തികളോ സംഘടനകളോ നിർവഹിക്കാവതല്ല, മറിച്ച് ഭരണകൂട വ്യവസ്ഥയ്ക്ക് മാത്രമേ അതിന് അധികാരമുള്ളൂ എന്നും അദ്ദേഹം വിശദീകരിച്ചു.

തന്റെ സഹോദരൻ അവൻ ഏതു മതക്കാരനായിരുന്നാലും ഏന്ത് കുറ്റം ചെയ്തവനായിരുന്നാലും അവനെതിരെ ആയുധമെടുക്കുന്നവർ നാളെ പരലോകത്ത് അപരാധികളായി നിൽക്കേണ്ടിവരുമെന്നും കൊല്ലാനും കൊല്ലപ്പെടാനുമല്ല ജീവിക്കാനും ജീവിതം നൽകാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നമ്മെ നയിക്കേണ്ടത് വികാരമല്ല വിവേകമാണ് എന്നും ശിഹാബ് സലഫി ഉദ്ബോധിപ്പിച്ചു.

ഇസ്‌ലാഹി സെൻ്റർ സീനിയർ വൈസ് പ്രസിഡണ്ട് ബാബു നഹ്ദി അധ്യക്ഷനായിരുന്നു. അബ്ദുൽ അസീസ് സ്വലാഹി സ്വാഗതവും അമീന്‍ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു..