ന്യൂഡൽഹി: അതിവ്യാപനശേഷിയുള്ള കൊവിഡ് വകഭേദം ഒമിക്രോൺ ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനുവരിയിലെ യുഎഇ സന്ദർശനം നീട്ടിവച്ചു. ജനുവരി ആറിനായിരുന്നു മോദി യുഎഇ സന്ദർശനം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിവരുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) സംബന്ധിച്ച് മോദിയുടെ സന്ദർശനവേളയിൽ കരാർ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതിയിരുന്നത്. “സന്ദർശനം മാറ്റിവച്ചു. എന്നാൽ റദ്ദാക്കിയിട്ടില്ല” അബുദാബി ഇന്ത്യൻ എംബസിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു
ദുബൈ എക്സ്പോ 2020 വേദിയിൽ യുഎസ്, ഇസ്രാഈൽ, യുഎഇ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യമന്ത്രിമാർ യോഗം ചേർന്ന് സാമ്പത്തിക, അടിസ്ഥാന സൗകര്യ വിഷയങ്ങൾ ചർച്ച ചെയ്യാനും ആലോചിക്കുന്നുണ്ട്.
പ്രധാനമന്ത്രിയായ ശേഷം മൂന്നുതവണയാണ് ഇതുവരെ മോദി യുഎഇയിലെത്തുന്നത്. യുഎഇയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് സായിദ് ഏറ്റുവാങ്ങാനായി 2019 ലാണ് നരേന്ദ്രമോദി ഒടുവിലായി യുഎഇ ലെത്തിയത്.
2019-20 ൽ 59 ബില്യൺ ഡോളർ മൂല്യമുള്ള ഉഭയകക്ഷി വ്യാപാരവുമായി നിലവിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. 2019-20ൽ ഏകദേശം 29 ബില്യൺ ഡോളറിന്റെ കയറ്റുമതി മൂല്യമുള്ള യുഎഇ കഴിഞ്ഞാൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനം കൂടിയാണ്.
41 ബില്യൺ ഡോളർ മൂല്യമുള്ള ഉഭയകക്ഷി എണ്ണ ഇതര വ്യാപാരത്തോടെ 2019-ൽ യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ. 2000 ഏപ്രിലിനും 2021 മാർച്ചിനും ഇടയിൽ 11 ബില്യൺ ഡോളർ നിക്ഷേപിച്ച യുഎഇ ഇന്ത്യയിലെ എട്ടാമത്തെ വലിയ നിക്ഷേപക രാജ്യമാണ്. അതേസമയം, യുഎഇയിലെ ഇന്ത്യൻ കമ്പനികളുടെ നിക്ഷേപം 85 ബില്യൺ ഡോളറിലധികം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.