ഇരു ഹറമുകളിലും തീർത്ഥാടകർക്കിടയിൽ സാമൂഹിക അകലം നിർബന്ധമാക്കി, നാളെ മുതൽ നിയന്ത്രണങ്ങൾ വീണ്ടും

0
3131

മക്ക: ഇരു ഹറമുകളിലും നിസ്കാരങ്ങൾ സാമൂഹിക അകലം പാലിച്ച് മാത്രമായിരുക്കും നടക്കുകയെന്ന് അധികൃതർ അറിയിച്ചു. നാളെ (വ്യാഴാഴ്ച) രാവിലെ ഏഴ് മുതൽ മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ പ്രവാചക പള്ളിയിലും ശാരീരിക അകലം പാലിക്കുന്ന നടപടിക്രമങ്ങൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി ഇരു ഹറം കാര്യാലയ വകുപ്പ് ഔദ്യോഗിക ഉറവിടം അറിയിച്ചു.

വൈറസ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് മാസ്കും മുഴുവൻ സ്ഥലങ്ങളിലും സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ളവ നാളെ മുതൽ പ്രാബാല്യതിൽ വരുത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ പള്ളികളിലും സമാനമായ മുൻകരുതൽ നടപടികൾ പൂർണ്ണമായും പാലിക്കണമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയവും ഉത്തരവിറക്കിയിട്ടുണ്ട്.

തീർത്ഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ആരാധകർക്കിടയിൽ ശാരീരിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള മറ്റു പ്രതിരോധ നടപടികൾ വീണ്ടും പ്രാബല്യത്തിൽ വരുത്തും. ഇരു ഹറമുകളിലേക്കുള്ള എല്ലാ സന്ദർശകരും ജോലിക്കാരും മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ ആവശ്യകത, മാസ്ക് ധരിക്കുക, അംഗീകൃത അപേക്ഷകൾ നൽകുന്ന പെർമിറ്റുകൾ അനുസരിച്ച് പ്രവേശന തീയതികൾ പാലിക്കുക, ശാരീരിക അകലം പാലിക്കുക, എന്നിവ ഉറപ്പ് വരുത്തണമെന്ന് അധികൃതർ അറിയിച്ചു.

സഊദിയിൽ മാസ്ക്, സാമൂഹിക അകലം വീണ്ടും നിർബന്ധമാക്കി