അബുദാബി: കൊവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുന്ന പശ്ചാത്തലത്തിൽ അബുദാബി നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വിദേശത്ത് നിന്നെത്തുവരുടെ പ്രവേശന പ്രോട്ടോകോൾ പരിഷ്‌കരിച്ചു. വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി പുതിയ സ്‌കൂൾ അധ്യയ കാലയളവിന്റെ ആദ്യ രണ്ടാഴ്ചക്കാലം വിദൂര പഠനം നടപ്പിലാക്കാൻ അബുദാബി എമിറേറ്റ് തീരുമാനിച്ചു. ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയുൾപ്പെടെ എമിറേറ്റുകളിലെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും തീരുമാനം ബാധകമാണെന്ന് അബുദാബി മീഡിയ ഓഫീസ് ചൊവ്വാഴ്ച അറിയിച്ചു.
അതോടൊപ്പം, പ്രവേശന നടപടികൾ പരിഷ്‌കരിച്ചതിന്റെ ഭാഗമായി വാക്‌സിനേഷൻ എടുത്ത വ്യക്തികൾക്ക് അൽ-ഹുസ്‌ൻ ആപ്പിൽ ഗ്രീൻ പാസ് നിർബന്ധമാക്കി. വാക്‌സിനേഷൻ എടുക്കാത്തവർക്ക് 96 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് പിസിആർ പരിശോധനാ ഫലവും നിർബന്ധമാണ്. പുതിയ തീരുമാനം നാളെ മുതൽ (ഡിസംബർ 30) മുതൽ പ്രാബല്യത്തിൽ വരും.
സമീപ മാസങ്ങളിൽ രാജ്യത്ത് കേസുകൾ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിന കേസുകളുടെ എണ്ണം ഇത്രയും ഉയർന്നത് ജൂൺ അവസാനമായിരുന്നു. ജൂൺ 29 ന് യുഎഇയിൽ 2,184 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്. ഇതിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം യുഎഇയിൽ ചൊവ്വാഴ്ച 1,846 പുതിയ കേസുകളും 632 രോഗമുക്തിയും ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്.
ഡിസംബർ 1 ന് പുതിയതും ഉയർന്ന തോതിൽ പകരാവുന്നതുമായ വകഭേദത്തിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതായി പ്രഖ്യാപിച്ചെങ്കിലും ഒമിക്രൊൺ വകഭേദത്തിന്റെ ഏതെങ്കിലും പുതിയ കേസുകളുണ്ടോ എന്ന് യുഎഇ വ്യക്തമാക്കിയിട്ടില്ല.
വാക്സിനേഷൻ നിരക്കുകളുടെ കാര്യത്തിൽ യുഎഇ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി തുടരുകയാണ്. ജനസംഖ്യയുടെ 100 ശതമാനം പേർക്കും ഒരു ഡോസ് കൊവിഡ്-19 വാക്‌സിൻ ലഭിച്ചിട്ടുണ്ടെന്നും 90.3 ശതമാനം പേർ പൂർണമായി വാക്‌സിൻ എടുത്തിട്ടുണ്ടെന്നും നവംബറിൽ യുഎഇ അറിയിച്ചിരുന്നു. ഒമിക്രോണിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ ബൂസ്റ്റർ ഷോട്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്.