രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം നൽകി സഊദി പബ്ലിക് ഹെൽത്ത് അതോറിറ്റി

0
5622

വൈറസ് വ്യാപനം കൂടുന്ന പശ്ചാതലത്തിലാണ് നിർദേശം

റിയാദ്: രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശവുമായി സഊദി പബ്ലിക് ഹെൽത് അതോറിറ്റി “വിഖായ. കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും ഗണ്യമായ വർദ്ധനവ് കണക്കിലെടുത്താണ് നിർദേശം. രാജ്യത്തിന് പുറത്ത്, പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകൾ എല്ലാവരും ഒഴിവാക്കണമെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി “വിഖായ” ശുപാർശ ചെയ്തു.

“ഓമിക്രോൺ” വകഭേദത്തിന്റെ ആവിർഭാവവും ലോകത്തിന്റെ പല രാജ്യങ്ങളിലും അതിന്റെ പ്രാദേശിക വ്യാപനം ത്വരിതപ്പെടുത്തിയിരിക്കുന്നുവെന്നും പ്രതിരോധ നടപടികൾ കർശനമാക്കാനും ചില സാമൂഹിക പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും ഈ രാജ്യങ്ങളെ ഇത്‌ പ്രേരിപ്പിച്ചു തുടങ്ങിയെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.

രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന പൗരന്മാരോ താമസക്കാരോ ആയ യാത്രക്കാർ അവരുടെ പ്രതിരോധ കുത്തിവയ്പ്പ് നില പരിഗണിക്കാതെ തന്നെ അഞ്ച് ദിവസത്തേക്ക് സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്നും എന്തെങ്കിലും അസ്വസ്ഥകൾ കണ്ടാൽ ഉടൻ കൊവിഡ്-19″ പരിശോധനക്ക് തയാറാകണമെന്നും നിർദേശമുണ്ട്.

യാത്രയിൽ നിന്ന് വരുന്നവരോട് പ്രതിരോധ നടപടികൾ തുടരാനും ശുപാർശ ചെയ്യുന്നു, എല്ലായ്പ്പോഴും മാസ്ക് ധരിക്കുക, തിരക്കേറിയതും പൊതു സ്ഥലങ്ങളും ഒഴിവാക്കുക, നിരന്തരം കൈകൾ വൃത്തിയാക്കുക, ഹസ്തദാനം ഒഴിവാക്കുക, രണ്ട് ഡോസുകളുള്ള പ്രതിരോധ കുത്തിവയ്പ്പ്, ഉത്തേജക ഡോസ് എടുക്കൽ വേഗത്തിലാക്കൽ എന്നിവയുടെ പ്രാധാന്യവും വിഖായ ഊന്നിപ്പറഞ്ഞു. കൊവിഡ്-19″ രോഗത്തിനുള്ള അന്താരാഷ്ട്ര അപകടസാധ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: https://covid19. cdc.gov.sa/ar/risk-update.

രാജ്യത്ത് പ്രതിദിന വൈറസ് കേസുകൾ ഏറെക്കുറെ താഴേക്ക് വന്നിരുന്നുവെങ്കിലും വീണ്ടും അത് ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ന് 116 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.