ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾക്കുള്ള വിസ അപേക്ഷ സ്വീകരിക്കുന്നത് സഊദി അറേബ്യ നിർത്തി വെച്ചു

0
3553

റിയാദ്: മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള മുസാനിദ് പോർട്ടൽ, ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾക്ക് ഈ ആഴ്ച മുതൽ വിസ നൽകുന്നത് നിർത്തിവെച്ചു. വിസ ഇഷ്യു ചെയ്യുന്നതിനായി നൽകിയ എല്ലാ അപേക്ഷകളും താൽക്കാലികമായി നിർത്തിവെച്ചതായി പ്രാദേശിക റിക്രൂട്ട്‌മെന്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഊദി അറേബ്യയിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയത്തിന്റെ സമീപകാല തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്.

അഞ്ച് ദിവസം മുമ്പ് മുതൽ ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ പുതിയ തൊഴിൽ കരാറുകൾക്കും വിസകൾക്കുമുള്ള എല്ലാ അപേക്ഷകളും മുസാനിദ് മരവിപ്പിച്ചതായി ഉക്കാദ്/സഊദി ഗസറ്റിനോട് സംസാരിച്ച ഹക്കീം അൽ-ഖുനൈസി പറഞ്ഞു. തൊഴിലാളികളെ അയക്കാനുള്ള തീരുമാനം ഫിലിപ്പീൻസ് പുനഃപരിശോധിച്ചാൽ മാത്രമേ പുതിയ കരാറുകൾക്കും വിസകൾക്കുമുള്ള വാതിൽ തുറക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള ചെലവ് 21,000 റിയാലിനും 22,000 റിയാലിനും ഇടയിലാണെന്നും ഇതിൽ മൂല്യവർധിത നികുതി ഉൾപ്പെടുന്നുവെന്നും രണ്ട് തൊഴിലുടമകൾക്കിടയിൽ ഒരു ഗാർഹിക തൊഴിലാളിയുടെ സേവനം കൈമാറുന്നതിനുള്ള ചെലവ് 25,000 റിയാൽ മുതൽ 30,000 റിയാൽ വരെയാണെന്നും അൽ ഖുനൈസി പറഞ്ഞു. സേവന കൈമാറ്റത്തിന് ഗാർഹിക തൊഴിലാളികളുടെ അംഗീകാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പുരുഷ ഫിലിപ്പിനോ പ്രൊഫഷണൽ തൊഴിലാളികൾക്കായുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് മറ്റൊരു നിക്ഷേപകനായ ഡോ: സാലിഹ് അൽ-ഖഹ്താനി പറഞ്ഞു. നേരത്തെ നൽകിയ ഗാർഹിക സഹായ വിസകളുടെ നടപടിക്രമങ്ങൾ ഫിലിപ്പീൻസിന്റെ ഭാഗത്ത് നിന്ന് വളരെ സാവധാനത്തിലാണ് നീങ്ങുന്നതെന്നും ചില ഇടപാടുകൾ മൂന്ന് മുതൽ നാല് മാസം വരെ എടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളും അവരുടെ വിദേശ തൊഴിലുടമകളും തമ്മിലുള്ള കരാർ ബന്ധത്തെ നിയന്ത്രിക്കുന്ന തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ നിയന്ത്രണങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് റിക്രൂട്ട്‌മെന്റ് പ്രക്രിയ താൽക്കാലികമായി നിർത്തിവച്ചതെന്ന് റിയാദിലെ ഫിലിപ്പീൻസ് എംബസി അഭിപ്രായപ്പെട്ടു.

ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നത് കൈകാര്യം ചെയ്യുന്നതിനായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ച പോർട്ടലാണ് മുസാനിദ്.