റിയാദ്: ലോകത്തെ ഏറ്റവും വലിയ വിനോദ, ഉല്ലാസ കേന്ദ്രം സഊദിയിൽ വരുന്നു. ഖിദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയാണ് ഖിദിയയിൽ സിക്‌സ് ഫ്ലാഗ്സ് അമ്യൂസ്‌മെന്റ് പാർക്ക് നിർമ്മിക്കുന്നത്. പാർക്ക് നിർമ്മാനത്തിനായി 375 കോടി റിയാൽ കരാർ ഒപ്പ് വെച്ചതായി ഖിദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനി അറിയിച്ചു. ഫ്രഞ്ച് കമ്പനിയായ ബോയ്ഗസ് ബാട്ടിമെന്റ് ഇന്റർനാഷണൽ കമ്പനിയും സഊദിയിലെ അൽമബാനി ജനറൽ കോൺട്രാക്ടിംഗ് കമ്പനിയും അടങ്ങിയ കൺസോർഷ്യത്തിനാണ് കരാർ. കരാർ ഒപ്പുവെക്കൽ ചടങ്ങിൽ തന്നെ പദ്ധതിയുടെ ശിലാസ്ഥാപനവും നിർവഹിച്ചു. സ്‌പോർട്‌സ്, വിനോദം, കല എന്നിവയുടെ സഊദിയിലെ ഭാവി തലസ്ഥാനമായിരിക്കുന്ന ഖിദിയയയിൽ സന്ദർശകർക്ക് സ്‌പോർട്‌സ്, ആരോഗ്യം, പ്രകൃതി, പരിസ്ഥിതി, പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ, കല, സംസ്‌കാരം എന്നീ മേഖലകളിലെ വൈവിധ്യമാർന്ന പരിപാടികളും വിശിഷ്ട സേവനങ്ങളും ആസ്വദിക്കാനാകും.
ആകെ 3,20,000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സ്ഥലത്താണ് സിക്‌സ് ഫ്ലാഗ്സ് അമ്യൂസ്‌മെന്റ് പാർക്ക് ഉയരുന്നത്. 28 ഗെയിമിങ് വിനോദ കേന്ദ്രങ്ങളുമുണ്ടാകും. ഇതിൽ തന്നെ പത്ത് ഗയിമുകൾ മുതിർന്നവർക്കും 18 എണ്ണം കുടുംബങ്ങൾക്കും കുട്ടികൾക്കുമുള്ളവയായിരിക്കും. മേഖലയിലെ തന്നെ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ ഒന്നായിരിക്കും സിക്‌സ് ഫ്ലാഗ്സ് അമ്യൂസ്‌മെന്റ് പാർക്ക്.
ബോയ്ഗസ് ബാട്ടിമെന്റ് ഇന്റർനാഷണൽ കമ്പനി പോലുള്ള മുൻനിര കോൺട്രാക്ടിംഗ് കമ്പനികളുമായി സഹകരിച്ചാണ് ലോകത്തു തന്നെ ആദ്യമായി ആരംഭിക്കുന്ന നിരവധി ആവേശകരമായ ഗെയിമുകൾ അടങ്ങിയ ലോകോത്തര അമ്യൂസ്‌മെന്റ് പാർക്ക് നിർമിക്കുന്നത്. സിക്‌സ് ഫ്ലാഗ്സ് ഇന്റർനാഷണൽ കമ്പനി ഉത്തര അമേരിക്കക്ക് പുറത്ത് ആദ്യമായി ആരംഭിക്കുന്ന അമ്യൂസ്‌മെന്റ് പാർക്ക് ആണ് റിയാദിലെതെന്നും ഇതിൽ ആഹ്ലാദമുണ്ടെന്നും കമ്പനി ചെയർമാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സലീം ബാസൂൽ പറഞ്ഞു.
റിയാദിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിനോദ കേന്ദ്രമായ ഖിദിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും സാമ്പത്തിക വികസന സമിതി അധ്യക്ഷനും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ 2017 ഏപ്രിൽ ഏഴിനാണ് ഖിദിയ പദ്ധതി പ്രഖ്യാപിച്ചത്.