അബുദാബി: ഇസ്രാഈൽ പ്രധാനമന്ത്രി നഫ്താലി ബെന്നെറ്റ് യു.എ.ഇ യിൽ . ഒരു ഇസ്രാഈൽ പ്രധാനമന്ത്രി യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നടത്തുന്ന ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രസിഡൻഷ്യൽ ടെർമിനിൽ വിമാനമിറങ്ങിയ നഫ്താലി ബെന്നറ്റിനെ യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ് യാൻ സ്വീകരിച്ചു. ഇസ്രാഈലിലെ യുഎഇ അംബാസഡർ മുഹമ്മദ് മഹ് മൂദ് അൽ ഖാജ, യുഎഇയിലെ ഇസ്രാഈൽ അംബാസഡർ അമിർ ഹയേക് എന്നിവരും നഫ്താലിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.
ഇസ്രാഈലും എമിറേറ്റുകളും തമ്മിലുള്ള പങ്കാളിത്തത്തില്‍ അന്തര്‍ലീനമായ സാധ്യതകള്‍ വളരെ വലുതാണ്. ഒരുമിച്ച്, സുസ്ഥിരവും സമൃദ്ധവും ശക്തവുമായ ഒരു മിഡില്‍ ഈസ്റ്റ് സൃഷ്ടിക്കാനുള്ള യഥാര്‍ത്ഥ അവസരമുണ്ട്. ഈ ഒരു കൂടിക്കാഴ്ച ഒരു തുടക്കം മാത്രമാണെന്നും നഫ്താലി ബെന്നെറ്റ് പറഞ്ഞു.
അബൂദബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രിം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാനുമായി ഇസ്രായേൽ പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും. രണ്ടു ദിവസമാണ് ബെന്നറ്റ് യു.എ.ഇയില്‍ ചിലവഴിക്കുക.




