സഊദി പ്രവാസികളെ പിഴിഞ്ഞ് ചാർട്ടഡ് സർവ്വീസുകൾ, ക്വാറന്റൈൻ പാക്കേജിൽ വ്യാപക ആക്ഷേപം

0
3930

റിയാദ്: നേരിട്ട് വിമാന സർവ്വീസിന് അനുമതി നൽകിയിട്ടും ചൂഷണത്തിൽ നിന്ന് മോചനം നേടാനാകാതെ സഊദി പ്രവാസികൾ. എല്ലാവർക്കും പ്രവേശനം നൽകിയെങ്കിലും ക്വാറന്റൈൻ നിർബന്ധമായവർക്ക് നൽകുന്ന സർവ്വീസുകളിലാണ് വ്യാപകമായ പരാതികൾ ഉയരുന്നത്. ചില ട്രാവൽസ് ഏജൻസികളും പ്രവാസികളെ ചൂഷണം ചെയ്യുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. ക്വാറന്റൈൻ പാക്കേജിൽ എത്തിയവർക്ക് ആവശ്യമായ സൗകര്യങ്ങൾ നൽകാതെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ട സഊദി പൗരന്മാരും ഇതിനെതിരെ രംഗത്തെത്തി.

നിലവിൽ വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഉൾപ്പെടെ എല്ലാവർക്കും സഊദിയിൽ നേരിട്ട് ഇറങ്ങാമെങ്കിലും സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് ക്വാറന്റൈൻ ഒന്നും കൂടാതെ നേരിട്ട് റൂമുകളിൽ എത്താൻ കഴിയുക. സഊദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ എടുത്തവർക്കും ഇന്ത്യയിൽ നിന്ന് കൊവാക്സിൻ എടുത്ത സന്ദർശക വിസക്കാർക്കും മൂന്ന് ദിവസ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും പൂർണ്ണ വാക്സിൻ ഇന്ത്യയിൽ നിന്ന് എടുത്തവർക്കും വാക്സിൻ തീരെ എടുക്കാത്തവർക്കും അഞ്ച് ദിവസ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും നിര്ബന്ധമാണ്.

ക്വാറന്റൈൻ ഏർപ്പെടുത്തുന്നതിലാണ് ഇപ്പോൾ കടുത്ത ചൂഷണം നടക്കുന്നത്. നിലവിൽ ചാർട്ടഡ് വിമാനങ്ങളിൽ എത്തുന്നവരാണ് ചൂഷണത്തിൽ പെടുന്നത്. ഇന്ത്യയിൽ നിന്ന് ചാർട്ടഡ് വിമാനങ്ങൾ കൂടുതലായി നടത്തുന്ന സ്‌പൈസ് ജെറ്റ്, ഗോ എയർ തുടങ്ങിയ വിമാനങ്ങളിൽ എത്തിയവർക്കാണ് ദുരിതം സമ്മാനിക്കുന്നത്. വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതും റൂമുകളിൽ കൂടുതൽ ആളുകളെ തിരുകികയറ്റിയും ക്വാളിറ്റി തീരെയില്ലാത്ത ഭക്ഷണം നൽകിയുമാണ് ഇവർക്ക് നൽകുന്ന ക്വാറന്റൈൻ കേന്ദ്രങ്ങൾ എന്നാണ് പരാതി ഉയരുന്നത്. തങ്ങളുടെ തൊഴിലാളികൾക്ക് നൽകിയ സൗകര്യങ്ങൾ അറിഞ്ഞ സഊദി പൗരന്മാർ നടപടി ആവശ്യപ്പെട്ടു രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

റൂമുകളിൽ കൂടുതൽ ആളുകൾ താമസിക്കുന്നത് ഉൾപ്പെടെ സഊദിയുടെ ക്വാറന്റൈൻ നിയമം ലംഘിക്കുന്നത് സഊദി അധികൃതരുടെ ശ്രദ്ധയിൽ പെട്ടാൽ ഇന്ത്യയിൽ നിന്നുള്ള സർവ്വീസുകൾക്ക് വരെ നിയന്ത്രണം ഉണ്ടായേക്കുമെന്ന ഭീതി നിലനിൽക്കുന്നുണ്ടെന്ന് ട്രാവൽസ് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. യാത്രക്കാർക്കും കൊണ്ട് വന്ന വിമാന കമ്പനികൾക്കുമേതിരെയും നടപടികൾ ഉണ്ടായേക്കും. ഏതായാലും ഇത്‌ പ്രവാസികൾക്ക് കടുത്ത തിരിച്ചടിയായേക്കും

അതേസമയം, ഷെഡ്യുൾഡ് ഫ്‌ളൈറ്റുകളായ ഫ്ലൈ ദുബൈ, ഒമാൻ എയർ, ഖത്തർ എയർ എന്നീ സർവ്വീസുകൾ നൽകുന്ന ക്വാറന്റൈൻ പാക്കേജുകൾ മാന്യമാണെന്ന് അനുഭവസ്ഥർ പറയുന്നു. നിലവിൽ യാത്ര ക്രമീകരിക്കുന്ന യാത്രക്കാർ ശ്രദ്ധിച്ചാൽ ദുരിതവും സാമ്പത്തിക നഷ്ടവും ഒഴിവാക്കാനാകും.