കാലാവധി കഴിഞ്ഞ സഊദി സന്ദർശക വിസകൾ ജനുവരി 31 വരെ പുതുക്കിത്തുടങ്ങി, ഇഖാമയും, റീ എൻട്രിയും ഉടൻ പുതുങ്ങും

0
4058

റിയാദ്: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സഊദിയിലേക്ക് വരാൻ സാധിക്കാത്ത സന്ദർശക വിസകൾ വീണ്ടും പുതുക്കി തുടങ്ങി. നേരത്തെ വിസ ലഭ്യമായ ശേഷം യാത്രാ നിരോധനം വന്നതിനെ തുടർന്ന് സഊദിയിലേക്ക് വരാൻ സാധിക്കാത്തവരുടെ വിസകളാണ് പുതുക്കി നൽകുന്നത്. ജനുവരി 31 വരെ ഇത്തരത്തിൽ വിസകൾ പുതുക്കി കിട്ടിയ വിവരം പ്രവാസി കുടുംബങ്ങൾ മലയാളംപ്രസുമായി പങ്ക് വെച്ചു. കാലാവധി തീർന്ന കുടുംബ സന്ദർശക വിസയാണ് ഇത്തരത്തിൽ 2022 ജനുവരി 31 വരെ പുതുക്കി നൽകിയിരിക്കുന്നത്.

വിദേശ കാര്യ മന്ത്രാലയത്തിന് കീഴിലെ ഇൻജാസിത്തിന്റെ https://visa.mofa.gov.sa/visaservices/searchvisa എന്ന ലിങ്ക് വഴിയാണ് വിസ പുതുക്കി ലഭ്യമാകുന്നത്. ലിങ്കിൽ കയറി വിസ, പാസ്പോർട്ട് നമ്പറുകൾ ഉൾപ്പെടെയുള്ള ആവശ്യമുള്ള വിവരങ്ങൾ നൽകിയാൽ അർഹതപ്പെട്ടവർ ആണെങ്കിൽ അടുത്ത പേജിൽ പുതിയ വിസ ലഭ്യമാകും. ജനുവരി 31 വരെ കാലവധിയുള്ള പുതിയ വിസയുടെ പ്രിന്റ്റും ലഭ്യമാകും. ഇത് പാസ്പോർട്ടിന്റെ കൂടെ ചേർത്ത് വെച്ച് ഇവർക്ക് സഊദിയിൽ നിലവിലെ നിബന്ധനകളോടെ പ്രവേശനം സാധ്യമാകും. സഊദി ഡിജിറ്റൽ എംബസിയിൽ നിന്നാണ് ഇഷ്യു ചെയ്തതെന്ന് ഓൺലൈൻ വിസ പേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പുതുക്കി കിട്ടിയ സന്ദർശക വിസ

സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ കാരുണ്യത്തിൽ ഇഖാമായും റീ എൻട്രിയും ഇത് പോലെ പുതുക്കി നൽകും. ഏറ്റവും ഒടുവിൽ രാജാവ് പ്രഖ്യാപിച്ച പ്രകാരമുള്ള തിയ്യതിയായ 2022 ജനുവരി 31 വരെയാണ് ഇപ്പോൾ ഇഖാമ, റീ എൻട്രി എന്നിവ പുതുക്കി നൽകുക. എന്നാൽ, ഈ തിയ്യതി വരെ ഇഖാമയും റീ എൻട്രിയും പുതുക്കി തുടങ്ങിയിട്ടില്ലെന്നാണ് വിവരം. ഉടൻ തന്നെ ഇവയും പുതുക്കി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആയിരക്കണക്കിന് പ്രവാസികൾ. ഇന്ത്യക്കാർക്കും ഇത്തവണത്തെ സൗജന്യ പുതുക്കൽ ലഭ്യമാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.