നജ്റാന്: വെള്ളടാങ്ക് ദേഹത്ത് വീണ് മലപ്പുറം സ്വദേശി സഊദിയിലെ നജ്റാനിൽ മരണപ്പെട്ടു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഷഹീദ് (23) ആണ് നജ്റാനില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. വെളളം വിതരണം ചെയ്യുന്ന മിനി ലോറിയില്‍ ഡ്രൈവറായ ഷഹീദ് സനാഇയ ഭാഗത്ത് വെള്ളം പമ്പ് ചെയ്യുന്നതിനിടെ വെള്ള ടാങ്ക് ദേഹത്ത് വീഴുകയായിരുന്നു.
ടാങ്കർ ലോറിയിൽ നിന്ന് ടാങ്കിലേക്ക് വെള്ളം അടിക്കുന്നതിനിടെ ടാങ്കിൽ വെള്ളം നിറഞ്ഞതോടെ ടാങ്കിന്റെ ഇരുമ്പ് സ്റ്റാന്റ് സഹിതം മറിഞ്ഞു വീഴുകയായിരുന്നു. ഇതിന്റെയും ടാങ്കറിന്റെയും ഇടയിൽ പെട്ട് ഗുരുതര പരിക്കേറ്റ ഷഹീദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
രണ്ട് വര്‍ഷമായി നജ്റാനില്‍ ജോലി ചെയ്തു വരുന്നു. കുറ്റിക്കാടന്‍ സലാമിന്റെയും സാജിദയുടേയും മകനാണ്. നജ്റാന് കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.




