സഊദിയിൽ പള്ളികളിൽ നിലവിലെ കൊവിഡ് പ്രോട്ടോകോളുകൾ തുടരും

0
2544

റിയാദ്: രാജ്യത്ത് പള്ളികളിൽ നിലവിലെ കൊവിഡ് പ്രോട്ടോകോളുകൾ തുടരാൻ ഇസ്‌ലാമിക കാര്യ മന്ത്രാലയം നിർദേശം നൽകി. കൊറോണ വൈറസിൽ നിന്നും അതിന്റെ വകഭേദങ്ങളിൽ നിന്നും വിശ്വാസികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി മുൻകരുതൽ നടപടികൾ തുടരണമെന്നാണ് നിർദേശം. ഇതിന്റെ ഭാഗമായി പള്ളികളിൽ ആരാധകർക്കിടയിൽ ശാരീരിക അകലം പാലിക്കേണ്ടതിന്റെയും മാസ്‌ക് ധരിക്കേണ്ടതിന്റെയും ആവശ്യകത ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

മുൻകരുതൽ നടപടികളുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ലഭിക്കുന്ന എല്ലാ നിർദ്ദേശങ്ങളും നിരന്തരം പിന്തുടരണമെന്നും അവ നടപ്പിലാക്കാൻ പ്രവർത്തിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പൊതുജനാരോഗ്യം നിലനിർത്തേണ്ടതിന്റെയും നിയന്ത്രണങ്ങൾ പാലിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാനും വിശ്വാസികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുവാനും ഇമാമുമാരോടും പ്രബോധകരോടും മന്ത്രാലയം ആവശ്യപ്പെട്ടു.

പള്ളികളിലെത്തുന്ന വിശ്വാസികളിൽ നിന്നോ ജീവനക്കാരിൽ നിന്നോ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ എന്തെങ്കിലും വീഴ്ചയോ അലംഭാവമോ ശ്രദ്ധയിൽ പെട്ടാൽ 1933 എന്ന മന്ത്രാലയത്തിലെ ഗുണഭോക്തൃ സേവന കേന്ദ്രം വഴി റിപ്പോർട്ട് ചെയ്യാനും ആഹ്വാനമുണ്ട്.