റിയാദ്: സഊദിയിൽ വാറ്റിൽ രജിസ്റ്റർ ചെയ്ത എല്ലാ സ്ഥാപനങ്ങൾക്കും ഇലക്ട്രോണിക് ബില്ലിങ് പ്രാബല്യത്തിൽ വന്നു. പദ്ധതിയുടെ ആദ്യ ഘട്ടമാണ് പ്രാബല്യത്തിൽവന്നത്. രണ്ടാം ഘട്ടം 2023 ജനുവരി മുതൽ നടപ്പാക്കി തുടങ്ങും. ഇതോടെ സ്ഥാപനങ്ങളിൽ കൈയെഴുത്ത് അല്ലെങ്കിൽ കമ്പ്യൂട്ടർ ബില്ലുകൾ ഉപയോഗിക്കുന്നത് പൂർണമായും ഇല്ലാതാകും. ബില്ല് ഇഷ്യൂ ചെയ്യുന്നതിെൻറയും ഇലക്‌ട്രോണിക് രീതിയിൽ സംരക്ഷിക്കുന്നതിെൻറയും ഘട്ടമാണിപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഇ-ബില്ലിങിനു വേണ്ട സാങ്കേതിക സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക ആദ്യ ഘട്ടത്തിലുൾപ്പെടും. ഇ-ഇൻവോയ്‌സുകൾ സൂക്ഷിക്കാത്തവർക്കും 5,000 റിയാൽ മുതലുള്ള തുക പിഴ ചുമത്തും.
രഹസ്യ സാമ്പത്തിക ഇടപാടുകൾ തടയുകയും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും വാങ്ങലും വിൽപനയും വ്യവസ്ഥാപിതമാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടം 2023 ജനുവരി ഒന്ന് മുതൽ ഘട്ടം ഘട്ടമായി നടപ്പാക്കും. അതോറിറ്റിയുടെ സംവിധാനങ്ങൾ തമ്മിൽ പൂർണയായും ബന്ധിപ്പിക്കുന്നതാണ് രണ്ടാം ഘട്ടം.

നികുതി ഇൻവോയ്‌സിൽ ക്യു.ആർ കോഡ് ഉൾപ്പെടുത്താതിരിക്കൽ, ഇ-ഇൻവോയ്‌സ് ഇഷ്യു ചെയ്യുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുന്ന സാങ്കേതിക തകരാറുകളെ കുറിച്ച് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയെ അറിയിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് ആദ്യ തവണ വാണിംഗ് നോട്ടീസ് നൽകും. ഇതിനു ശേഷം മറ്റു ശിക്ഷാ നടപടികൾ സ്വീകരിക്കും. ഇ-ഇൻവോയ്‌സിൽ തിരുത്തലുകൾ വരുത്തൽ, മായ്ക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് പതിനായിരം റിയാൽ മുതലുള്ള തുക പിഴ ലഭിക്കും.
ടെക്സ്റ്റ് എഡിറ്ററുകൾ, കൈയെഴുത്ത് അല്ലെങ്കിൽ കമ്പ്യൂട്ടർ ടൈപ്പ് ചെയ്ത ബില്ലുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും നിർത്തലാക്കുന്നതാണ് ഇലക്ട്രോണിക് ബില്ലിങ് എന്ന് സകാത്ത് ആൻഡ് ടാക്സ് അതോറിറ്റി വ്യക്തമാക്കി. ഇ-ബില്ലുകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും വാറ്റ് നമ്പർ, ബില്ലിലെ അഡ്രസ്സ് എന്നിവ കൃത്യമാണോയെന്ന് പരിശോധിക്കുമെന്നും അതോറിറ്റി പറഞ്ഞു.




