റിയാദ്: ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ച് സൗദിയിലെത്തിയവർക്ക് ബൂസ്റ്റർ ഡോസ് ലഭിച്ചു തുടങ്ങി. നാട്ടിൽ നിന്ന് വാക്സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കാണ് ഇപ്പോൾ ബൂസ്റ്റർ ഡോസ് ലഭിക്കുന്നത്. നിലവിൽ സഊദിയിൽ രണ്ട് ഡോസ് എടുത്ത് തവക്കൽനയിൽ അപ്ഡേറ്റ് ആയ എല്ലാവർക്കും ആറ് മാസത്തിനു ശേഷമാണ് ബൂസ്റ്റർ ഡോസ് ലഭിക്കുന്നത്. എന്നാൽ, എട്ട് മാസത്തിന് ശേഷവും ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ തവക്കൽനയിൽ വാക്സിനേറ്റഡ് ഗ്രീൻ ഇമ്മ്യുൺ സ്റ്റാറ്റസ് ലഭ്യമാകില്ല. അതിനാൽ തന്നെ ഫെബ്രുവരി ഒന്ന് മുതൽ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് പുറത്തിങ്ങാനോ ഓഫീസുകളിൽ കയറാനോ ജോലികളിൽ പ്രവേശിക്കാനോ സാധിക്കില്ല.
സ്വിഹത്തി ആപ്ലിക്കേഷൻ വഴിയാണ് ബൂസ്റ്റർ ഡോസിന് അപേക്ഷിക്കേണ്ടത്. ഇന്ത്യയിൽ നിന്ന് കൊവിഷീൽഡിന്റെ രണ്ട് ഡോസും സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കാണ് ഇപ്പോൾ സഊദിയിൽ നിന്ന് ബൂസ്റ്റർ ഡോസ് ലഭിച്ച് തുടങ്ങിയത്. വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽ പ്രവാസികളെയും ഉൾപ്പെടുത്തിയതിലൂടെ പല പ്രവാസികൾക്കും വളരെ നേരത്തെ തന്നെ വാക്സിന്റെ രണ്ട് ഡോസുകളും ഇന്ത്യയിൽ വെച്ച് സ്വീകരിക്കാനായിരുന്നു. ഇത്തരക്കാർക്കാണ് ഇപ്പോൾ ബൂസ്റ്റർ ഡോസ് ലഭിച്ച് തുടങ്ങിയത്. ഇന്ത്യയിലെ വാക്സിൻ സ്വീകരിച്ചവരിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സഊദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് തവക്കൽന സ്റ്റാറ്റസ് ശരിയാക്കേണ്ടതുണ്ട്. ഇത്തരക്കാർക്കാണ് സ്വിഹത്തി ആപ്പ് വഴി ബൂസ്റ്റർ ഡോസിന് അപേക്ഷിക്കാനാകുക.
സ്വിഹത്തി ആപ്ലിക്കേഷൻ തുറന്ന ശേഷം കൊവിഡ് 19 വാക്സിൻ എന്ന ടാബ് ഓപ്പൺ ചെയ്താൽ ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിച്ചതിന്റെ വിശദാംശങ്ങൾ അറിയാനാകും. അതിന് താഴെയായി ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യതയുള്ളവർക്ക് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. രണ്ട് ഡോസ് സ്വീകരിച്ച അല്ലാത്തവർക്ക് എന്ന് മുതലാണോ അവർ യോഗ്യരാകുക എന്ന തിയ്യതിയും കാണാനാകും. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂർത്തിയാകാത്തവർക്ക് ബുക്കിംഗ് ആരംഭിക്കുന്ന തീയതിയും അറിയാനാകും.




