സഊദിയിൽ കണ്ടെത്തിയത് ജിസിസി യിലെ ആദ്യത്തെ ഒമിക്രോൺ വൈറസ് കേസ്

0
5872

റിയാദ്: സഊദിയിൽ ഒമിക്രോൺ വൈറസ് കേസ് കണ്ടെത്തിയതോടെ ശക്തമായ ജാഗ്രതയിൽ ഗൾഫ് രാജ്യങ്ങൾ. വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലൊന്നിൽ നിന്ന് സഊദിയിൽ എത്തിയ പൗരനിലാണ് ഒമിക്രോൺ ബാധ കണ്ടെത്തിയത്. രോഗബാധിതനായ വ്യക്തിയെയും അദ്ദേഹവുമായി സമ്പർക്കങ്ങളിൽ പെട്ടവരെയും ഐസൊലേഷനിൽ ആക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ, ഇദ്ദേഹം ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല.

ജിസിസി യിൽ ആദ്യമായാണ് ഈ വൈറസ് ബാധ കണ്ടെത്തിയത്. സഊദിയടക്കം ജിസിസി രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായായാണ് നടപടി. ഇതിനിടെയാണ് സഊദിയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം വിമാന വിലക്ക് ഏർപ്പെടുത്തുന്നതിനു മുമ്പ് എത്തിയതാണെന്നാണ് കരുതുന്നത്. ഇത്‌ സംബന്ധമായ കൂടുതൽ വിവരങ്ങൾ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്തെ ആദ്യത്തെ ഒമിക്രോൺ വൈറസ് ബാധ കണ്ടെത്തിയത് പുറത്ത് വിട്ടതോടൊപ്പം എല്ലാവരും കൊവിഡ് വാക്സിൻ ഡോസുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും എല്ലാ മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും അംഗീകൃത പ്രോട്ടോക്കോളുകളും പാലിക്കേണ്ടതിന്റെ ആവശ്യകതയും ആരോഗ്യ മന്ത്രാലയം വീണ്ടും ഉണർത്തി. യാത്ര കഴിഞ്ഞെത്തുന്നവർ അവരുടെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കായി ക്വാറന്റൈൻ, ലബോറട്ടറി പരിശോധന നടപടികൾ എന്നിവ പരിപൂർണ്ണമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

ഒമിക്രോൺ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മലാവി, സാംബിയ, മഡഗാസ്‌കർ, അംഗോള, സീഷെൽസ്, മൗറീഷ്യസ്, കൊമോറോസ് ഉൾപ്പെടെ പതിനാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് സഊദി അറേബ്യ താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ വരുന്ന സഊദികളല്ലാത്തവരുടെ പ്രവേശനവും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ, മറ്റ് രാജ്യത്ത് പതിനാല് ദിവസത്തിൽ കുറയാത്ത കാലയളവ് ചെലവഴിച്ചവർക്ക് പ്രവേശനം നൽകും.

അതേസമയം, സഊദിയിൽ കൊവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 4.7 കോടിയിലെത്തി. അവിടെ 2.23 ആളുകൾക്ക് രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ 70 ശതമാനത്തിലധികം ആളുകൾക്കും രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്.

അതേസമയം, പ്രവാസികളിൽ ആശങ്ക ഉയർന്നിട്ടുണ്ട്. വീണ്ടും യാത്ര നടപടികളിൽ നിയന്ത്രണം കൊണ്ട് വരുമോയെന്ന് ആശങ്കയോടെ ഉറ്റു നോക്കുകയാണ് പ്രവാസികൾ. ഉടൻ നാട്ടിലേക്ക് പോകുന്നവർ ലീവ് ക്യാൻസൽ ചെയ്യുന്നതിനും നാട്ടിലുള്ളവർ ഉടൻ തിരിച്ചു കയറുന്നതിനുമുള്ള ആലോചനകളും തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഏഷ്യൻ രാജ്യങ്ങളിലേക്ക് തത്കാലം കടുത്ത യാത്രാ നിരോധന നിയന്ത്രണങ്ങളിലേക്ക് സഊദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ പോകുകയില്ലെന്നാണ് കരുതുന്നത്.

ഒമിക്രോൺ; കരുതലോടെ സഊദി അറേബ്യ, സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയം, ഇന്ന് പ്രത്യേക വാർത്താ സമ്മേളനം