ഒമിക്രോൺ; കരുതലോടെ സഊദി അറേബ്യ, സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയം, ഇന്ന് പ്രത്യേക വാർത്താ സമ്മേളനം

0
6186

റിയാദ്: പുതിയ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോകം നേരിടുന്ന സംഭവവികാസങ്ങൾ സഊദി മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ അറിയിച്ചു. ഓരോരുത്തരും പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കി മുൻകരുതലുകൾ പാലിച്ചുകൊണ്ട് തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്തു. അതിനെ നേരിടാനുള്ള തലങ്ങളിലും നടപടികൾ കൈകൊണ്ടതായും അദ്ദേഹം സൂചിപ്പിച്ചു.

പതിനാല് ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള യാത്ര നിർത്തിവച്ച് “ഒമിക്‌റോണിന്റെ” സാന്നിധ്യം തടയാൻ ഇതിനകം തന്നെ സഊദി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അതേസമയം, പുതിയ സാഹചര്യത്തില്‍ മുഴുവൻ ആളുകളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും
രണ്ടു ഡോസ് വാക്‌സിനേഷനോ രണ്ടാം വാക്‌സിന് ശേഷം ബൂസ്റ്റര്‍ ഡോസോ സ്വീകരിച്ചാല്‍ മാത്രമേ വാക്‌സിനേഷന്‍ പൂര്‍ത്തിയാവുകയുള്ളൂവെന്നും
ഇത് അണുബാധയെ തടയുകയും സങ്കീര്‍ണതകള്‍ കുറക്കുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ബുധനാഴ്ച വൈകുന്നേരം 3.30 നു പുതിയ സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയം പ്രത്യേക വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്.