‘ഫാറൂഖ് ശാന്തപുരം: സുകൃതങ്ങളുടെ പാഠ പുസ്തകം’ പ്രകാശനം ചെയ്തു

ജിദ്ദ: പണ്ഡിതനും വാഗ്മിയും സാമൂഹിക പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന ജിദ്ദയില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന ഫാറൂഖ് ശാന്തപുരത്തിനെക്കുറിച്ച അനുസ്മരണ പുസ്തകം ‘ഫാറൂഖ് ശാന്തപുരം; സുകൃതങ്ങളുടെ പാഠപുസ്തകം’ ജിദ്ദയിൽ പ്രകാശനം ചെയ്തു. തനിമ സാംസ്കാരിക വേദി സംഘടിപ്പിച്ച പരിപാടിയില്‍ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി പ്രൊഫസർ ഡോ. ഇസ്മായില്‍ മരുതേരി, സിജി ഇന്റർനാഷനല്‍ പ്രസിഡന്റ് കെ.എം മുസ്തഫക്ക് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

അപരന് വേണ്ടി ജീവിക്കുകയും അവരുടെ പ്രശ്നങ്ങളുടെ പരിഹാരത്തനായി അവിശ്രാന്തം പരിശ്രമിക്കുകയും ചെയ്ത മാതൃകാതുല്യനായ മനുഷ്യസ്നേഹിയായിരുന്നു ഫാറൂഖ് ശാന്തപുരമെന്ന് ഡോ.ഇസ്മായില്‍ മരുതേരി പറഞ്ഞു. ചടങ്ങിൽ തനിമ പ്രൊവിൻസ് പ്രസിഡന്റ് എന്‍.കെ.അബ്ദുറഹീം അധ്യക്ഷത വഹിച്ചു. ശിഹാബ് കരുവാരക്കുണ്ട് പുസ്തകം പരിചയപ്പെടുത്തി. ആയിരത്തൊന്ന് രാവുകള്‍ ചിലവഴിച്ച് പറഞ്ഞാലും തീരാത്ത തീക്ഷണമായ ജീവിതഗന്ധിയുള്ള അനുഭവങ്ങളാണ് ഫാറൂഖ് ശാന്തപുരത്തിന്റെതെന്നും അദ്ദേഹം കൈവെക്കാത്ത ജീവിതമേഖല ഉണ്ടാവുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ജീവിതം മറ്റുള്ളവരുടെ സേവനത്തിനായി നീക്കിവെച്ച കര്‍മ്മയോഗിയായിരുന്നു ഒരു വര്‍ഷം മുമ്പ് നിര്യാതനായ ഫാറൂഖ് ശാന്തപുരമെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

കെ.എം മുസ്തഫ, നസീര്‍ വാവക്കുഞ്ഞ്, നാസര്‍ ചാവക്കാട്, ഇബ്രാഹിം ശംനാട്, സാദിഖലി തുവ്വൂര്‍, ലതീഫ് കരിങ്ങനാട്, സിയാദ് തലശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. സി.എച്ച് ബഷീര്‍ സ്വാഗതവും എ. നജ്മുദ്ദീന്‍ നന്ദിയും പറഞ്ഞു. അബുത്വാഹിര്‍ ഖിറാഅത്ത് നടത്തി.

Farook Santhapuram book releasing
‘ഫാറൂഖ് ശാന്തപുരം; സുകൃതങ്ങളുടെ പാഠപുസ്തകം’ എന്ന പുസ്തകം ജിദ്ദയിൽ ഡോ. ഇസ്മായില്‍ മരുതേരി, കെ.എം മുസ്തഫക്ക് നൽകി പ്രകാശനം ചെയ്യുന്നു.