വിമാന കമ്പനികൾക്ക് നിർദേശം നൽകി ഗാക സർക്കുലർ
റിയാദ്: ഡിസംബർ മുതൽ സഊദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ആളുകൾക്കും പ്രവേശനം അനുവദിക്കുന്നതോടെ ചില വിഭാഗം ആളുകൾ ഒഴികെ മറ്റുള്ളവർ മുഴുവൻ അഞ്ചു ദിവസത്തെ ക്വാറന്റൈനിൽ കഴിയണം. എന്നാൽ, സഊദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. ഇന്ത്യയിൽ നിന്ന് വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമാണ് അഞ്ചു ദിവസ ക്വാറന്റൈൻ നിർബന്ധമുള്ളത്. ഇത് സംബന്ധിച്ച് സിവിൽ എവിയേഷൻ അതോറിറ്റി സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.
ഇന്ത്യ അടക്കം ആറു രാജ്യങ്ങളിൽ നിന്ന് നേരിട്ട് സഊദിയിൽ പ്രവേശിക്കുന്നവർ അഞ്ചു ദിവസം ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ പാലിക്കൽ നിർബന്ധമാണ്. പൂർണ ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും ഇത് ബാധകമാണ്.

ചില രാജ്യങ്ങളിൽ പകർച്ചവ്യാധി വ്യാപനം നിയന്ത്രണ വിധേയമായതിനെയും കുറിച്ച് സഊദിയിലെ ആരോഗ്യ വകുപ്പുകൾ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള പ്രവേശന വിലക്ക് എടുത്തുകളഞ്ഞത്.
ഇന്ത്യയെ കൂടാതെ പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നാണ് നേരിട്ട് അനുമതി നൽകിയത്. എല്ലാ തരം വിസക്കാർക്കും അനുമതി നൽകിയിട്ടുണ്ട്. ഇതോടെ, സാധാരണ പോലെ തന്നെ ഡിസംബർ മുതൽ സഊദിയിൽ പറന്നിറങ്ങാം. ഡിസംബർ ഒന്ന് ബുധനാഴ്ച പുലർച്ചെ ഒരു മണി മുതലാണ് ഇന്ത്യയിൽനിന്ന് നേരിട്ട് വിമാന സർവീസിന് അനുമതിയുള്ളത്.
വാർത്തകൾ ഉടൻ ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകാം👇
https://chat.whatsapp.com/DeZkkFHZdXWEjIp9fqZJ3l




