ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ഡിസംബര്‍ അവസാനത്തോടെ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബന്‍സാല്‍. നിലവില്‍ അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ക്കുള്ള വിലക്ക് നിലവില്‍ നവംബര്‍ 30 വരെയാണ് നീട്ടിയിട്ടുള്ളത്. നിലവിൽ അടിയന്തര, അവശ്യ സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്. എയര്‍ ബബ്ള്‍ കരാർ പ്രകാരം സർവ്വീസുകളും നടക്കുന്നുണ്ട്. വിവിധ രാജ്യങ്ങളുമായി ഇത്തരം 25 കരാറുകളിലാണ് ഇന്ത്യ ഒപ്പുവച്ചത്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ചിലാണ് ഇന്ത്യയിലേക്കും പുറത്തേക്കുമുള്ള വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചത്. പ്രവാസികളെ തിരികെയെത്തിക്കാനും മരുന്നും മറ്റ് ചരക്കുകളും എത്തിക്കാനും മാത്രമാണ് ഡി.ജി.സി.എയുടെ അനുമതിയോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ നടന്നത്. പിന്നീട് ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ ലഘൂകരിച്ചെങ്കിലും പഴയ നില കൈവരിച്ചിരുന്നില്ല.
രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ വിവിധ രാജ്യങ്ങളുമായി എയര്‍ ബബ്ള്‍ കരാറുണ്ടാക്കി അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തിയിരുന്നു. നിലവില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കായി 25-ലധികം രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയര്‍ ബബ്ള്‍ കരാറുണ്ട്.
ആഭ്യന്തര വിമാന സര്‍വീസുകള്‍ കഴിഞ്ഞ മാസം മുതല്‍ പൂര്‍ണതോതില്‍ അനുവദിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിത്തുടങ്ങുന്നതിനു മുന്നോടിയായി നവംബര്‍ 15 മുതല്‍ സര്‍ക്കാര്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു തുടങ്ങിയിരുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കുന്നതിനുള്ള നടപടിക്രമങ്ങളെ കുറിച്ച് സര്‍ക്കാര്‍ വിലയിരുത്തുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.




