ജക്കാർത്ത: ഇന്തോനേഷ്യയിയിലെ പടിഞ്ഞാറൻ ജാവയിലെ സിയാൻജൂരിലുള്ള വീട്ടിൽ ആസിഡ് ദ്രാവകം ഒഴിച്ച് ഇന്തോനേഷ്യൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സഊദി പൗരനെ അറസ്റ്റ് ചെയ്തു. 29 കാരനായ സഊദി പൗരൻ രണ്ട് മാസം മുമ്പാണ് 21 വയസ്സുള്ള യുവതിയെ വിവാഹം കഴിച്ചത്. എന്നാൽ, പ്രാദേശിക ഭരണകൂടം ഇതിന് അംഗീകാരം നൽകിയിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച പുലർച്ചെ നവദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും ഭർത്താവ് യുവതിയുടെ ശരീരത്തിൽ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ശരീരമാസകലം പൊള്ളലേറ്റ യുവതി ശനിയാഴ്ച വൈകുന്നേരത്തോടെ പ്രവിശ്യാ തലസ്ഥാനമായ ബന്ദൂങ്ങിലെ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.
രണ്ട് വർഷമായി ഇന്തോനേഷ്യയിൽ താമസിക്കുകയും അഗർവുഡ് വ്യാപാരിയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന സഊദി യുവാവ് ഞായറാഴ്ച ജക്കാർത്തയിലെ സോകർണോ-ഹട്ട വിമാനത്താവളം വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
ഇരുവരും തമ്മിലുള്ള സ്പർദ്ധയാണ് അവർക്കിടയിൽ തർക്കത്തിന് തുടക്കമിട്ടതെന്ന് സിയാൻജൂർ പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ചീഫ് സെപ്തിയവാൻ ആദി പറഞ്ഞു. കൊലക്കുറ്റത്തിന് യുവാവിന് ജീവപര്യന്തം തടവ് ലഭിച്ചേക്കും. സഊദി എംബസി പ്രതിനിധികൾക്കൊപ്പം പ്രതിയെ കൂടുതൽ പോലീസ് ചോദ്യം ചെയ്യലിന് സജ്ജമാക്കിയിട്ടുണ്ട്. യുവാവിന്റെ വിവാഹത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ലെങ്കിലും, വെസ്റ്റ് ജാവയിൽ “ഹലാൽ സെക്‌സ് ടൂറിസം” എന്ന് പൊതുവെ അറിയപ്പെടുന്നതിനെ സർക്കാർ നിർത്തലാക്കണമെന്ന് ഈ സംഭവം വീണ്ടും ആവശ്യപ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധം വൻ പാപമായതിനാൽ അതൊഴിവാക്കാനായി പുരുഷ വിനോദസഞ്ചാരികൾ പ്രാദേശിക സ്ത്രീകളുമായി താൽക്കാലിക വിവാഹ കരാറിൽ ഏർപ്പെടുന്നത് ഇവിടെ വ്യാപകമാണ്.




