സാമ്പത്തിക കുറ്റം; അഞ്ചു വർഷത്തെ ജയിൽ വാസത്തിന് ശേഷം ഏഴ് പ്രവാസികൾക്ക് നാട്ടിലേക്ക് മടക്കം

0
3450

റിയാദ്: സാമ്പത്തിക കുറ്റത്തിന് അഞ്ചുവർഷത്തിലേറെ ജയിലിൽ കഴിയേണ്ടിവന്ന തമിഴ്നാട് സ്വദേശി ഉൾപ്പെടെ ഏഴു പേരടങ്ങുന്ന ഇന്ത്യൻ സംഘം നാട്ടിലേക്കു തിരിച്ചു. അബഹയിൽ ജയിലിൽ കഴിഞ്ഞിരുന്ന സംഘത്തിന് മലയാളി സാമൂഹ്യ പ്രവർത്തകനും
ഒ.ഐ.സി.സി സഊദി ദക്ഷിണ മേഖല കമ്മിറ്റി പ്രസിഡൻറും കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം വളൻറിയറുമായ അഷ്റഫ് കുറ്റിച്ചലിന്റെ ഇടപെടലാണ് സഹായകരമായത്. ഒടുവിൽ ദുരിതപർവ്വം താണ്ടി ഇവർ അബഹയിൽനിന്ന് ദുബൈ വഴി വിമാനമാർഗം നാട്ടിലേക്കു തിരിച്ചു. നാലു തമിഴ്നാട്ടുകാരും രാജസ്ഥാൻ, ഒഡിഷ, പശ്ചിമ ബംഗാൾ സ്വദേശികളുമാണുള്ളത്.

സഊദി പൗരന് തുകയില്ലാത്ത ചെക്ക് കൊടുത്തതിനെ തുടർന്നാണ് തമിഴ്നാട് സ്വദേശി അബഹയിലെയും ജിസാനിലെയും ഖമ്മീസിലെയും ജയിലുകളിൽ കഴിയേണ്ടിവന്നത്. ഇതിനിടെ നാട്ടിൽനിന്നും മുഴുവൻ തുകയും വരുത്തി കടം വീട്ടിയെങ്കിലും സ്വന്തം പേരിലുള്ള വാഹനവും സ്പോൺസർ ഹുറൂബ് ആക്കിയതും നാട്ടിലേക്കുള്ള യാത്രക്കു തടസ്സമായി.

തുടർന്ന് അബഹ നാടുകടത്തൽ കേന്ദ്രം മേധാവിയുടെ നിർദേശപ്രകാരം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ സാഹിൽ ശർമയുടെ സഹായത്തോടെ എമർജൻസി സർട്ടിഫിക്കറ്റ് തരപ്പെടുത്തിയാണ് യാത്ര സജ്ജീകരിച്ചത്. കളവുപോയ വാഹനത്തിന്റെ ഉത്തരവാദിത്തം സ്വദേശിയായ അഷ്റഫിന്റെ സുഹൃത്ത് ഏറ്റെടുത്തതിനെ തുടർന്ന് വാഹനം അയാളുടെ പേരിൽനിന്നും നീക്കം ചെയ്ത് നാട്ടിലേക്കു പോകാൻ അവസരം ഒരുക്കിയത്.

രോഗിയായ തമിഴ്നാട് സ്വദേശി ഗണേശിനുള്ള വിമാന ടിക്കറ്റ് ഒ.ഐ.സി.സി ദക്ഷിണമേഖല കമ്മിറ്റി നൽകി. മനാഫ് പരപ്പിൽ, ഒ.ഐ.സി.സി ഖമ്മീസ് ടൗൺ കമ്മിറ്റി പ്രസിഡൻറ് റോയി മൂത്തേടം, ബിനു ജോസഫ്, രാധാകൃഷ്ണൻ കോഴിക്കോട് എന്നിവർ സഹായത്തിനുണ്ടായിരുന്നു.