ജോലിയും ശമ്പളവുമില്ലാതെ നാല് വർഷം, ദുരിതത്തിലായ 135 ഇന്ത്യൻ തൊഴിലാളികൾ ഒടുവിൽ നാടണഞ്ഞു

0
3120

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ നാല് വർഷമായി ദുരിതത്തിൽ കഴിഞ്ഞ 135 ഇന്ത്യൻ തൊഴിലാളികൾക്ക് ഒടുവിൽ മോചനം. റിയാദിൽ മറ്റുള്ളവരുടെ കാരുണ്യത്തിലായിരുന്നു ഇവർ ഇത്രയും കാലം കഴിഞ്ഞിരുന്നത്. റിയാദിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലിക്കാരായിരുന്ന ഇവർ ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് നടത്തിയ നിയമ പോരാട്ടത്തിനും സഹായത്തിനും ഒടുവിലാണ് നടണഞ്ഞത്.

കമ്പനിയുടെ പ്രവർത്തനം നിർത്തലാക്കി സ്‌പോൺസർ ജർമനിയിലേക്കും മാനേജർമാർ അവരവരുടെ നാടുകളിലേക്കും പോയതോടെ തൊഴിലാളികൾ തീർത്തും നിസ്സഹായരാവുകയായിരുന്നു.
തുടർന്ന് ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് പ്രസിഡന്റ് അയ്യൂബ് കരൂപ്പടന്നയും ജയൻ കൊടുങ്ങല്ലൂരും കമ്പനിയിലെത്തി തഴിലാളികളുമായി സംസാരിച്ച് വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപെടുത്തി. തുടർന്ന്
എംബസിയുടെ സഹായത്തോടെ നിയമ നടപടികൾ സ്വീകരിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നര വർഷമായി തൊഴിലാളികൾക്ക് വേണ്ട ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ എല്ലാം ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ അംഗങ്ങളും ലുലു ഹൈപ്പർ മാർക്കറ്റിലെ സ്റ്റാഫുകളും ചേർന്ന് നൽകുകയായിരുന്നു.
നിയമ സഹായങ്ങൾക്കായി എംബസിയിൽ നിന്ന് രാജേന്ദ്രൻ, ഗംഭീർ, ഹരി പിള്ള എന്നിവർ ശക്തമായ പിന്തുണയാണ് നൽകിയത്. മൂന്നര വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഘട്ടം ഘട്ടമായി എല്ലാ തൊഴിലാളികൾക്കും കുടിശ്ശിക ഉണ്ടായിരുന്ന ശമ്പളം മുഴുവനും ലഭിച്ചു.
ചാരിറ്റി ഓഫ് പ്രവാസി മലയാളി അംഗങ്ങളായ റഷീദ് കരീം, റിയാസ് റഹ്മാൻ, നിസാർ കൊല്ലം, മുജീബ് ചാവക്കാട്, ജലീൽ കൊച്ചി, ശരീഫ് വാവാട് എന്നിവരും സഹായത്തിനുണ്ടായിരുന്നു.